ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ സര്‍ക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീഡിയോകോണ്‍. കേസിലെ വിധി വന്നതിന് പിന്നാലെയാണ് വീഡിയോകോണ്‍ ആവശ്യവുമായി രംഗത്ത വന്നിരിക്കുന്നത്.
10,000 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സര്‍ക്കാറിനോട് വീഡിയോ കോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടതോടെ തങ്ങള്‍ തെറ്റ് ചെയ്യാനായി കൂട്ടുനിന്നു എന്ന വാദം കള്ളമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു എന്നും കമ്പനി പറഞ്ഞു.
അഴിമതി നടന്നുവെന്നും വീഡിയോകോണ്‍ അടക്കമുള്ള കമ്പനികള്‍ അഴിമതിക്ക് കൂട്ട് നിന്നു എന്നാണ് സുപ്രിം കോടതി വിലയിരുത്തിയിരുന്നത്. അതിനാല്‍ അനുവദിക്കപ്പെട്ട ലൈസന്‍സുകള്‍ റദ്ദ് ചെയ്യുകയും അതില്‍ വീഡിയോ കോണിന് വലിയ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.
1,500 കോടിയാണ് ഇതിനായി വീഡിയോകോണ്‍ മുടക്കിയിരുന്നത്.
ഈ തുക കടമെടുത്തതാണെന്നും ഇപ്പോളും അതിന്റെ ആഘാതത്തില്‍നിന്ന് കരകയറിയിട്ടില്ലെന്നും പറഞ്ഞാണ് ഇപ്പോള്‍ വീഡിയോകോണ്‍ കനത്ത നഷ്ടപരിഹാരം ചോദിക്കുന്നത്. വീഡിയോകോണിന്റെ 15 ലൈസന്‍സാണ് ഒരേ സമയം റദ്ദ് ചെയ്യപ്പെട്ടത്.
2ജി സ്പെക്ട്രം കേസില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും അതിനാല്‍ എല്ലാ പ്രതികളും കുറ്റവിമുക്തരാണെന്നും കോടതി വിധിച്ചിരുന്നു. ഡി.എം.കെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. സി.ബി.ഐ പ്രത്യേക കോടതി ജസ്റ്റിസ് ഒ.പി സെയ്‌നിയാണ് വിധി പുറപ്പെടുവിച്ചത്.
2007-08 കാലയളവില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്നതായാണ് സി.എ.ജി വിനോദ് റായ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അഴിമതി തെളിഞ്ഞതോടെ 2012 ഫെബ്രുവരിയില്‍ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളെല്ലാം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് പൂര്‍ത്തിയായത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സി.ബി.ഐ പറഞ്ഞിരുന്നു.