| Monday, 7th August 2023, 2:35 pm

റൊണാള്‍ഡോ എഫക്ട്; 21ാം നൂറ്റാണ്ടില്‍ ആദ്യമായി സെമി ഫൈനലിലേക്ക്, ടോപ് സ്‌കോറര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജ സി.എയെ പരാജയപ്പെടുത്തി അല്‍ നസര്‍ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അല്‍ നസര്‍ എതിരാളികളെ തകര്‍ത്തുവിട്ടത്.

കഴിഞ്ഞ ദിവസം പ്രിന്‍സ് സുല്‍ത്താന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അല്‍ നസര്‍ രാജ സി.എയെ പരാജയപ്പെടുത്തിയത്. റൊണാള്‍ഡോ, സുല്‍ത്താന്‍ അല്‍ ഘാനം, സെകോ ഫൊഫാന എന്നിവര്‍ അല്‍ നസറിനായി സ്‌കോര്‍ ചെയ്തപ്പോള്‍ അബ്ദുള്ള മാദുവിന്റെ സെല്‍ഫ് ഗോളാണ് രാജ സി.എയുടെ അക്കൗണ്ടിലെത്തിയത്.

1995ന് ശേഷം ഇതാദ്യമായാണ് അല്‍ നസര്‍ അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.

മത്സരത്തിന്റെ 19ാം മിനിട്ടില്‍ തന്നെ അല്‍ നസര്‍ ലീഡ് നേടിയിരുന്നു. ടാലിസ്‌കയുടെ അസിസ്റ്റില്‍ റൊണാള്‍ഡോയാണ് സ്‌കോര്‍ ചെയ്തത്. റൊണാള്‍ഡോയുടെ ഇടം കാലില്‍ നിന്നും പുറപ്പെട്ട ബുള്ളറ്റ് ഷോട്ട് രാജ ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവവും നല്‍കാതെ വലയില്‍ തുളച്ചുകയറുകയായിരുന്നു. വീക്ക് ഫൂട്ടിലെ 145ാം ഗോളാണ് റൊണാള്‍ഡോ കഴിഞ്ഞ ദിവസം കുറിച്ചത്.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റൊണാള്‍ഡോ അല്‍ നസറിന് വേണ്ടി സ്‌കോര്‍ ചെയ്യുന്നത്. സമാലേക്കിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം റൊണാള്‍ഡോ നേടിയ ഹെഡ്ഡര്‍ ഗോളിലാണ് അല്‍ നസര്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. ടൂര്‍ണമെന്റിലെ നിലവിലെ ടോപ് സ്‌കോററും റൊണാള്‍ഡോ തന്നെയാണ്.

മത്സരത്തിന്റെ 29ാം മിനിട്ടില്‍ സുല്‍ത്താന്‍ അല്‍ ഘാനവും 38ാം മിനിട്ടില്‍ സെകോ ഫൊഫാനയും ഗോളടിച്ച് പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ 41ാം മിനിട്ടില്‍ അബ്ദുള്ള മാദു സെല്‍ഫ് ഗോളിലൂടെ രാജ അക്കൗണ്ട് തുറന്നു.

അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച എല്ലാ മത്സരവും വിജയിച്ചാണ് രാജ സി.എ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. വിജയം ആവര്‍ത്തിച്ച് സെമിയില്‍ പ്രവേശിക്കാമെന്ന രാജ സി.എയുടെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് റൊണാള്‍ഡോയും സംഘവും സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചത്.

ആഗസ്റ്റ് ഒമ്പതിനാണ് സെമി ഫൈനല്‍ മത്സരം. പ്രിന്‍സ് സുല്‍ത്താന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഷോര്‍ട്ടയാണ് അല്‍ നസറിന്റെ എതിരാളികള്‍.

Content Highlight: After 1995, Al Nasr entered the semi-finals of the Arab Club Championship Cup

Latest Stories

We use cookies to give you the best possible experience. Learn more