national news
ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ചിദംബരം; '106 ദിവസത്തെ തടവിന് ശേഷവും തനിക്കെതിരെ ഒരു കുറ്റം പോലും ചുമത്തിയിട്ടില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 04, 03:57 pm
Wednesday, 4th December 2019, 9:27 pm

ന്യൂദല്‍ഹി: 106 ദിവസം തടവിലാക്കപ്പെട്ട ശേഷവും തനിക്കെതിരെ ഒരു കുറ്റം പോലും ചുമത്തിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കേസിനെ കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും ചിദംബരം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നും കേസിനെക്കുറിച്ച് അഭിപ്രായം പറയരുതെന്നുമുള്ള ഉപാധിയോടെയാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഒപ്പം രണ്ട് ലക്ഷം രൂപ കെട്ടിവെക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങുന്നത്.

ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ചിദംബരം അറസ്റ്റിലായത്.

ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിദംബരം ഓഗസ്റ്റ് 21 മുതല്‍ തിഹാര്‍ ജയിലിലായിരുന്നു.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും ഇതേ കേസില്‍ നേരത്തേ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കാര്‍ത്തി ജാമ്യത്തിലിറങ്ങുകയായിരുന്നു.

‘ചിദംബരത്തിന് ഒടുവില്‍ ജാമ്യം ലഭിച്ചു. വീട്ടില്‍ വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. 106 ദിവസത്തെ ജയില്‍വാസത്തിന് ശേഷം സുപ്രീം കോടതിയുടെ വിധി ആശ്വാസം നല്‍കുന്നതാണ്. അച്ഛന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ബന്ധപ്പെടാനാണ് പദ്ധതി.’ എന്നായിരുന്നു ചിദംബരം പുറത്തിറങ്ങിയതിന് പിന്നാലെ കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ