Film News
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും ബില്‍ബോര്‍ഡിലും ഐട്യൂണ്‍സ് ചാര്‍ട്ടിലും ചരിത്രം സൃഷ്ടിച്ച് ആ ബി.ടി.എസ് ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 30, 03:37 am
Tuesday, 30th January 2024, 9:07 am

ലോകത്താകമാനം ഒരുപാട് ആരാധകരുള്ള കെ-പോപ്പ് ബാന്‍ഡാണ് ബി.ടി.എസ്. ഏഴ് അംഗങ്ങളുള്ള ഇവര്‍ രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നിലനില്‍ക്കുന്നതിനാല്‍ 2022ല്‍ കരിയര്‍ ബ്രേക്ക് പ്രഖ്യാപിച്ചിരുന്നു.

ബി.ടി.എസ് രാജ്യത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന് പോയതോടെ ആരാധകര്‍ ഏറെ നിരാശയിലാണ്. ഇതേസമയം, ബി.ടി.എസ് ആര്‍മിക്ക് ഏറെ സന്തോഷമുള്ള ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്.

ബി.ടി.എസിന്റേതായി പത്ത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഗാനമായിരുന്നു ‘ഡേയ്ഞ്ചര്‍’. ഈ ഗാനം ഇപ്പോള്‍ ബില്‍ബോര്‍ഡിന്റെ വേള്‍ഡ് ഡിജിറ്റല്‍ സോങ് സെയില്‍സ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. ചാര്‍ട്ടില്‍ ഒന്നാമതെത്തുന്ന ബി.ടി.എസിന്റെ 37ാമത്തെ ഗാനമാണ് ‘ഡേയ്ഞ്ചര്‍’.

ദിവസങ്ങള്‍ക്ക് മുമ്പ് ഇതേഗാനം മറ്റൊരു നേട്ടം കൂടെ സ്വന്തമാക്കിയിരുന്നു. ‘ഡേയ്ഞ്ചര്‍’ വേള്‍ഡ് വൈഡ് ഐട്യൂണ്‍സ് ചാര്‍ട്ടിലും ഒന്നാമതെത്തി. ഗാനം പുറത്തിറങ്ങിയതിന് ശേഷം 10 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊര് നേട്ടം ‘ഡേയ്ഞ്ചര്‍’ സ്വന്തമാക്കുന്നത്.

ബി.ടി.എസിന്റെ 2014ല്‍ റിലീസായ ആദ്യ സ്റ്റുഡിയോ ആല്‍ബമായ ഡാര്‍ക്ക് ഏന്‍ഡ് വൈല്‍ഡിലെ പതിനാല് ഗാനങ്ങളില്‍ ഒന്നാണ് ‘ഡേയ്ഞ്ചര്‍’. ഓഗസ്റ്റ് 20നായിരുന്നു ഗാനം പുറത്തിറങ്ങിയത്. എന്നാല്‍ ഈ അതിന് വാണിജ്യപരമായി വലിയ വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

പത്ത് വര്‍ഷത്തിന് ശേഷം ഡേയ്ഞ്ചറിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. അതേസമയം, നിലവില്‍ സൈനിക സേവനത്തിന് വേണ്ടിയുള്ള ഇടവേളയിലുള്ള ബി.ടി.എസ് തങ്ങളുടെ സൈനിക സേവനം പൂര്‍ത്തിയാക്കി 2025ല്‍ വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അംഗങ്ങളില്‍ ഏറ്റവും ആദ്യമായി 2022 ഡിസംബര്‍ 13ന് സൈനിക സേവനത്തിന് പോയത് ജിന്‍ ആയിരുന്നു. പിന്നാലെ 2023ല്‍ ഏപ്രില്‍ 18ന് ജെ-ഹോപ്പും മിലിട്ടറിയിലേക്ക് പോയി. സെപ്റ്റംബറിലായിരുന്നു ഷുഗയും മിലിട്ടറിയിലേക്ക് പോവുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നത്. പിന്നാലെ മറ്റുള്ളവരും സൈനിക സേവനത്തിനായി പോയി.

Content Highlight: After 10 years that BTS song made history on the Billboard and iTunes charts