ന്യൂദല്‍ഹി: ഇന്ത്യയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പരിപൂര്‍ണ്ണ അധികാരം നല്‍കുന്ന നിയമമായ അഫ്‌സ്പയെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് ആര്‍എസ്എസ്. സായുധകലാപം പൂര്‍ണമായി ഇല്ലാതാക്കാന്‍ സംസ്ഥാന പോലീസിനെ സര്‍ക്കാര്‍ സജ്ജമാക്കുംവരെ ഈ നിയമം നിലനിര്‍ത്തേണ്ടതുണ്ടെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.
ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തിലൂടെയാണ് അഫ്‌സ്പയെ കുറിച്ചുള്ള നിലപാട് സംഘടന വ്യക്തമാക്കിയത്. ജമ്മുകശ്മീര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവടങ്ങളില്‍ നിലവിലുള്ള അഫ്‌സ്പ തുടരണമെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി.
“സായുധകലാപം ഇല്ലാതാക്കാന്‍ ഭാരതസര്‍ക്കാര്‍ സംസ്ഥാന പോലീസിനു പരിശീലനം നല്‍കുകയും അവരെ സജ്ജരാക്കുകയും ചെയ്യണം. സംസ്ഥാന പോലീസിനെ വിവിധ തലത്തിലുള്ള പരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടണം. അതുവരെ സൈന്യത്തെ വിന്യസിക്കുകയും അഫ്‌സ്പ നടപ്പിലാക്കുകയും വേണം.” ലേഖനത്തില്‍ പറയുന്നു.
തീവ്രവാദ ബന്ധമുള്ള, അവരില്‍ നിന്നും പണം വാങ്ങുന്ന എന്നതരത്തില്‍ ആരോപണം നേരിടുന്ന എം.പിമാര്‍ക്കെതിരെ അന്വേഷണം വേണമെന്നും ലേഖനത്തിലൂടെ ആര്‍.എസ്.എസ് ആവശ്യപ്പെടുന്നു.
ഇത്തരം ആളുകളാണ് പാര്‍ലമെന്റില്‍ അഫ്‌സ്പ പിന്‍വലിക്കുന്നതിനായി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഇവരുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കുമെന്നും ആര്‍.എസ്.എസ് ആരോപിക്കുന്നു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെയും മുഖപത്രം വിമര്‍ശിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കനയ്യ കുമാറിനെ പോലെ നിരവധി പേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് വിമര്‍ശനം.