ന്യൂദല്‍ഹി: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന സായുധസേനാ വിശേഷാധികാര നിയമം (അഫ്‌സ്പ) മേഘാലയയില്‍ പൂര്‍ണമായും അരുണാചല്‍ പ്രദേശില്‍ ഭാഗികമായും ഒഴിവാക്കി. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച അഫ്‌സ്പ 2017 സെപ്തംബര്‍ മുതലാണ് മേഘാലയയില്‍ 40 ശതമാനത്തോളം പ്രദേശങ്ങളിലായി ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന സര്‍ക്കാരുമൊത്ത് സംയുക്തമായാണ് മേഘാലയയില്‍ അഫ്‌സ്പ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
2017ല്‍ 16 പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് അരുണാചല്‍ പ്രദേശില്‍ അഫ്‌സ്പ നടപ്പിലാക്കിയത്. എന്നാലിത് എട്ട് സ്റ്റേഷന്‍ പരിധികളിലേക്കായി ചുരുക്കിയിട്ടുണ്ട്.
ഇത് കൂടാതെ, പൊലീസില്‍ കീഴടങ്ങുന്ന വിഘടനവാദികള്‍ക്കുള്ള പുനരധിവാസത്തിനായുള്ള തുക 1 ലക്ഷം രൂപയില്‍ നിന്നും 4 ലക്ഷമായി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. 2018 ഏപ്രില്‍ 1 മുതലാണ് ഈ ഉത്തരവ് ബാധകമാകുക.
മണിപ്പൂര്‍, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലായി വിദേശ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ നീക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍, പാകിസ്താന്‍, ചൈന, അഫ്ഗാനിസ്താന്‍ ഉള്‍പ്പടെ ഇന്ത്യയുമായി അടുത്ത സൗഹൃദത്തിലല്ലാത്ത രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് വിലക്കുകള്‍ നിലനില്‍ക്കും.
ഈ പ്രദേശങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 63 ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സാധാരണ ജനങ്ങളുടെ മരണനിരക്കില്‍ 83 ശതമാനം കുറവും സുരക്ഷാസൈനികരുടെ അപകടനിരക്കില്‍ 40 ശതമാനം കുറവുമാണ് 2017ല്‍ ഉണ്ടായതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
Watch DoolNews Video: