| Sunday, 12th December 2021, 8:37 am

മണിപ്പൂരില്‍ അധികാരത്തിലെത്തിയാല്‍ അഫ്‌സ്പ പിന്‍വലിക്കും: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ അഫ്‌സ്പ(ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കുമെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ്. അതുവരെ ഭരണത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെയും മുഖ്യമന്ത്രി എന്‍. ബിരണ്‍ സിങ്ങിനെയും നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വെച്ച് നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കണമെന്ന് ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്,’ കോണ്‍ഗ്രസ് പറഞ്ഞു. അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്‌സ്പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബി.ജെ.പിയെ ഓര്‍മിപ്പിച്ചു.

‘കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഏഴ് നിയമസഭമണ്ഡലങ്ങളിലാണ് അഫ്‌സ്പ പിന്‍വലിച്ചത്. 2022 ല്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തുനിന്നു തന്നെ അഫ്‌സ്പ പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും ആദ്യത്തെ ക്യാബിനറ്റ് കൈക്കൊള്ളുന്നത്,’ പാര്‍ട്ടി പ്രഖ്യാപിച്ചു.

നാഗാലാന്‍ഡിലെ 14 ഗ്രാമീണരെ സൈനികര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ അഫ്‌സ്പക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യമാകമാനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ സൈനീകര്‍ക്കെതിരെ കൊലക്കുറ്റത്തിന് നാഗാലാന്‍ഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

‘ഈ ക്രൂരമായ നിയമം പിന്‍വലിക്കേണ്ടതുണ്ട്. സാഹചര്യം കൈകാര്യം ചെയ്യാന്‍ നിയമങ്ങളുണ്ട്. എന്നാല്‍ ഈ നിയമം നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കുന്നു,’ റിയോ പറഞ്ഞു.

ബി.ജെ.പിയുടെ സംഖ്യകക്ഷിയായ എന്‍.ഡി.പി.പിയാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ പരാമര്‍ശം ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. അഫ്സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുമെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Higghlight: afspa-nagaland-killings-will-remove-controversial-act-afspa-from-manipur-if-we-win-congress

We use cookies to give you the best possible experience. Learn more