മനസ്സില്‍ വെളിച്ചമുണ്ടെങ്കില്‍ എവിടെയും വഴി കാണാമെന്ന് ജീവിച്ച് തെളിയിക്കുന്ന അഫ്‌സലെന്ന യുവാവിന്റെ ജീവിതയാത്ര സോഷ്യല്‍ മീഡീയയില്‍ ഹിറ്റായി മാറുകയാണ്. പരിമിതികളുണ്ടെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ എന്തു സാധിക്കുമെന്ന് തെളിയിക്കുന്നതാണ് അഫ്‌സലിന്റെ ജീവിതം. എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ടിട്ടും തന്റെ ജീവിതത്തേയും മുറുകെ പിടിച്ച് അഫ്‌സല്‍ കശ്മീരും ദല്‍ഹിയും മുംബെയും നോര്‍ത്ത് ഈസ്റ്റും കൊല്‍ക്കത്തയുമൊക്കെയായി കറങ്ങുകയാണ്.
അഫ്‌സലിന്റെ സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് കോഴിക്കോടുകാരുടെ പ്രിയങ്കരനായ കൊച്ചിക്കാരന്‍ അഫ്‌സലിന്റെ കഥ ലോകമറിയുന്നത്. മനോരമ ട്രാവലറിലെ സബ് എഡിറ്ററും ഫറൂഖ് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും അഫ്‌സലിന്റെ സുഹൃത്തുമായ നസീല്‍ വോയ്‌സിയുടെ പോസ്റ്റാണ് ഒരുപാട് പേരെ പ്രചോദിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്.
അഫ്‌സലിനെ കുറിച്ചുള്ള ഒരു കുറിപ്പില്‍ സുഹൃത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ” നീ ലോകം മുഴുവന്‍ സഞ്ചരിക്കണം.പക്ഷെ, ഒരു കാര്യം, എപ്പഴെങ്കിലും സമയം കിട്ടുമ്പോള്‍, വിളിച്ച് ആ കാഴ്ചകളുടെ വിശേഷം നീ പറയണം. അതിനായി കാത്തിരിക്കും. കാരണം, നീ കാണുന്ന പോലെ കാണാന്‍ എനിക്കാവില്ല. ഇരുണ്ട ആകാശത്തെ നക്ഷത്രങ്ങള്‍ നിന്റെ കാഴ്ചയില്‍ തിളങ്ങുവോളം എന്റെ കണ്ണില്‍ തെളിയില്ല…”
അഫ്‌സലിനെ കുറിച്ച് നസീല്‍ എഴുതിയ, ശ്രദ്ധേയമായ പോസ്റ്റ്
രണ്ടു മൂന്നാഴ്ച മുന്‍പ് ഒരു ഫോണ്‍ കാള്‍ വന്നു. അഫ്‌സലായിരുന്നു മറുവശത്ത്. കല്‍ക്കത്തയില്‍ ഊരു തെണ്ടലിനിടയില്‍ വിളിച്ചതാണ്. അവന്റെ സന്തോഷവും യാത്രാനുഭവങ്ങളും കേട്ടപ്പോ മനസ്സിലാകെ വല്ലാത്തൊരു സന്തോഷം. അറിയാതെ കണ്ണൊക്കെ നിറയുന്ന പോലെ. മനസ്സിലാകെ അഭിമാനം നിറഞ്ഞു. അതിനു പിന്നിലൊരു കാരണമുണ്ട്, ഞാനടക്കമുള്ള ലോകം, പരിമിതിയെന്നു പറഞ്ഞു കൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ നിന്നാണ് അവന്റെ എല്ലാ നേട്ടങ്ങളും. അതിനെയൊക്കെ തീര്‍ത്തും നിസ്സാരമാക്കിയാണ് അവന്‍ ഈ ലോകം “കണ്ടറിയുന്നത്”; അഫ്‌സലിന് “കാഴ്ച” ശക്തിയില്ല. ഏഴാം ക്ലാസിനപ്പുറം അവന്റെ കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞതാണ്. അവന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇരുട്ടല്ല. ഒരു തരം “മങ്ങല്‍”, ആകെപ്പാടെ ഒരു “രസമുള്ള പാട”. ബസ്സിലൊക്കെ പോകുമ്പോള്‍ പുറമെ മഞ്ഞു നീങ്ങുന്ന പോലെയുള്ള കാഴ്ച.
ഫാറൂഖ് കോളേജില്‍ വെച്ചാണ് അഫ്‌സലിനെ പരിചയപ്പെട്ടത്. കൊച്ചികാരനാണെങ്കിലും അവന്‍ കുറേ ആയി കോഴിക്കോട് തന്നെയുണ്ട്. അന്നേ താരമാണ്; ക്രിക്കറ്റും രാഷ്ട്രീയവും സിനിമാ പ്രാന്തുമൊക്കെയായി ഉഷാര്‍ ജീവിതം. സിനിമാ പ്രാന്ത് എന്ന് പറയുമ്പോ, എല്ലാ റിലീസും കാണും. ഞങ്ങളെയും കൂട്ടി, തീയറ്ററില്‍ പോയി “കാണും”. ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും മെമ്മറി കാര്‍ഡ് നിറയെ സിനിമ കൊണ്ട് വരും. എന്നിട്ടതു ഞങ്ങള്‍ക്കൊക്കെ വിതരണം ചെയ്യും. അവന്റേതു മാത്രം എംപിത്രീ ഫോര്‍മാറ്റിലേക്ക് മാറ്റും. പിന്നെയും കുറെ കഥകളുണ്ട്; സമരങ്ങളും യാത്രകളുമൊക്കെയായി ഞെട്ടിച്ചു കളഞ്ഞ മൂന്നു വര്‍ഷം. ഒരിക്കല്‍ പോലും, തന്റെ പരിമിതിയുടെ കാരണം പറഞ്ഞു ഒരിടത്തും അവന്‍ മാറി നില്‍ക്കുന്നത് കണ്ടിട്ടില്ല. ഒരു പ്രേത്യേക പരിഗണയും ഞങ്ങള്‍ അവനു കൊടുത്തിട്ടുമില്ല. അവന് അതിന്റെ ആവശ്യവുമില്ലായിരുന്നു.
ഫാറൂക്കിലെ ഡിഗ്രിക്ക് ശേഷം അവന് പ്രശസ്തമായ ബോംബെ ടിസ്സില്‍ (ടാറ്റ ഇന്‌സിറ്റിട്യൂട് ഓഫ് സോഷ്യല്‍ സയന്‍സ്) സോഷ്യല്‍ വര്‍ക്കില്‍ പിജിക്ക് പ്രവേശനം ലഭിച്ചു. ഡിസേബിള്‍ഡ് സ്റ്റഡീസ് ആയിരുന്നു വിഷയം. അവനു സ്വയം അറിയാവുന്ന, ഒരുപ്പാട് ചെയ്യാനുണ്ട് എന്ന് ഉറച്ച് വിശ്വസിക്കുന്ന വിഷയം. അവിടേം അവന്‍ തകര്‍ത്തു. ഒരുപാട് കൂട്ടുകാര്‍, ഫീല്‍ഡ് വിസിറ്റുകള്‍, സിനിമകള്‍…വല്ലപ്പോഴും വിളിക്കുമ്പോഴൊക്കെ അവനു പറഞ്ഞു തീരാത്ത അത്രയും വിശേഷങ്ങള്‍ ഉണ്ടായിരുന്നു.
ആ രണ്ടു വര്‍ഷത്തിനൊടുവില്‍, ഡിസേര്‍ട്ടഷനും സബ്മിറ്റ് ചെയ്ത്, കോണ്‍വൊക്കേഷനു മുന്‍പ് ലഭിച്ച സമയത്ത്, വീട്ടിലേക്ക് വരാതെ അവനൊരു ഒരു യാത്ര പോയി.
Don”t Miss: ഒടുവില്‍ ആ കുസൃതിക്കുടുക്ക എത്തി, തന്നെ ‘ഫെയ്മസാക്കിയ’ കൃതേഷേട്ടനെ കാണാന്‍!
കാശ്മീരില്‍ നിന്ന് തുടങ്ങി ഡല്‍ഹിയും കടന്ന്, നോര്‍ത്ത് ഈസ്റ്റ് എല്ലാം ചുറ്റിയടിച്ചു കല്‍ക്കത്തയിലെത്തിയപ്പോഴാണ് മേലെ പറഞ്ഞ വിളി വന്നത്. വഴി ചോദിച്ചു വിളിച്ചതാണ്. കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ രണ്ടു പേര്‍ക്കും വെക്കാന്‍ കഴിയുന്നില്ല. അത്രക്കുണ്ടായിരുന്നു സന്തോഷം. ഒരു മാസം നീണ്ട യാത്രയായിരുന്നു അവന്റേത്. എല്ലായിടത്തും താമസം കൂട്ടുകാരുടെ വീട്ടില്‍. ചിലയിടത്തോക്കെ ബസ് സ്റ്റാന്‍ഡിലും ഉറങ്ങി. “”ന്റെ നസീലെ, മേഘാലയിലെ ആ വേര് പാലം ഉണ്ടല്ലോ. അവിടത്തെ കാഴ്ചകള്‍…അസാധ്യ ഭംഗിയാണ്. അത് പറഞ്ഞറിയിക്കാന്‍ കഴിയില്ലെടാ”” എന്ന് പറഞ്ഞവന്‍ വിവരിക്കുമ്പോള്‍, എന്താ എന്നറീല, കണ്ണൊക്കെ നിറഞ്ഞിരുന്നു. മനസ്സ് നിറഞ്ഞു ഒരാള്‍ മിണ്ടുന്നതു കേള്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നത് പോലെ. പണ്ട്, അവന്റെയൊപ്പം കുടകിലേക്ക് പോയ യാത്രയൊക്കെ വെറുതെയിങ്ങനെ ഓര്‍ത്തെടുത്തു. ആ സിനിമാ കാലവും.
അഫ്‌സല്‍ പിന്നെയും വിളിച്ചിരുന്നു; ടിസ്സിലെ എം എസ് ഡബ്ല്യൂ ക്കാര്‍ക്കിടയിലെ മികച്ച ഫീല്‍ഡ് വര്‍ക്കറായി സ്വര്‍ണ്ണ മെഡല്‍ നേടിയത് പറയാന്‍. ഒരു കാര്യം കൂടി പറഞ്ഞു, രാജ്യത്തെ തന്നെ മികച്ച ഫെല്ലോഷിപ്പുകളില്‍ ഒന്നായ ഗാന്ധി ഫെല്ലോഷിപ് നേടിയെന്ന്. രാജസ്ഥാനിലെ അഞ്ചു സ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല അവനാവും. രാജ്യത്ത് എവിടെ വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു; അവന്‍ രാജസ്ഥാന്‍ തെരെഞ്ഞെടുത്തു. അങ്ങനെയേ ചെയ്യൂ, ആ നാട് മുഴുവന്‍ തെണ്ടി നടക്കാലോ.
അഫ്‌സലെ, നീ തകര്‍ക്കെടാ. പരിമിതിയെന്നു പറഞ്ഞു എല്ലാവരും വരയിടുന്നിടത്ത് നിന്ന് ഇനിയും നടക്ക്. ഒരുപ്പാടൊരുപാട് പേര്‍ക്ക് മാതൃകയാണ് നീ. ഞങ്ങള്‍ക്കൊക്കെ പാഠപുസ്തകവും.
മനസ്സില്‍ വെളിച്ചമുണ്ടെങ്കില്‍ എവിടെയും വഴി കാണാമെന്ന് നീ ജീവിച്ച് തെളിയിക്കുന്നുണ്ടല്ലോ. അതുകൊണ്ടു ലോകം മുഴുവന്‍ സഞ്ചരിക്കണം.പക്ഷെ, ഒരു കാര്യം, എപ്പഴെങ്കിലും സമയം കിട്ടുമ്പോള്‍, വിളിച്ച് ആ കാഴ്ചകളുടെ വിശേഷം നീ പറയണം. അതിനായി കാത്തിരിക്കും. കാരണം, നീ കാണുന്ന പോലെ കാണാന്‍ എനിക്കാവില്ല. ഇരുണ്ട ആകാശത്തെ നക്ഷത്രങ്ങള്‍ നിന്റെ കാഴ്ചയില്‍ തിളങ്ങുവോളം എന്റെ കണ്ണില്‍ തെളിയില്ല