മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കോമഡി ചിത്രങ്ങില്‍ ഒന്നാണ് കല്യാണരാമന്‍. ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. നവ്യ നായര്‍, ഇന്നസെന്റ്, സലിംകുമാര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മികച്ച താരനിര തന്നെ ഈ സിനിമയില്‍ ഉണ്ടായിരുന്നു. ഇന്നും ഏറെ റിപ്പീറ്റ് വച്ച് വാല്യുവുള്ള ചിത്രങ്ങളില്‍ ഒന്നാണ് കല്യാണരാമന്‍.
2002ല്‍ പുറത്തിറങ്ങിയ സിനിമയിലെ പാട്ടുകള്‍ക്ക് ഇന്നും ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. ഗായകന്‍ അഫ്‌സലിന്റെ കരിയറിലെ മികച്ച പാട്ടുകള്‍ ഈ സിനിമയിലേതായിരുന്നു. ഇപ്പോള്‍ ‘കൈത്തുടി താളം തട്ടി’ എന്ന പാട്ടിനെ കുറിച്ച് പറയുകയാണ് അഫ്‌സല്‍. കല്യാണരാമന്‍ എന്ന സിനിമയും ആ പാട്ടും തന്റെയൊരു ടേക്കോഫാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ന് ജനങ്ങള്‍ അഫ്‌സലെന്ന ഗായകനെ ഓര്‍ക്കുന്നത് ആ പാട്ടിലൂടെയാണെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കല്യാണരാമന്‍ എന്ന സിനിമ ശരിക്കും എന്റെയൊരു ടേക്കോഫാണ്. ഞാന്‍ 2000ത്തില്‍ സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും അതില്‍ പുറത്ത് വന്ന പാട്ടുകള്‍ അധികം ഉണ്ടായിരുന്നില്ല. 2002ലാണ് കല്യാണരാമന്‍ സിനിമയുടെ കമ്പോസിങ് ആരംഭിക്കുന്നത്. ബേണി – ഇഗ്‌നേഷ്യസ് ആയിരുന്നു അതിന്റെ മ്യൂസിക് ചെയ്തിരുന്നത്. അവര്‍ രണ്ടുപേരും എന്നെ ട്രാക്ക് പാടാന്‍ വേണ്ടിയായിരുന്നു വിളിച്ചത്. അങ്ങനെ ഞാന്‍ ആ സിനിമയിലെ ട്രാക്കുകളൊക്കെ പാടി.
അതിലെ ‘രാക്കടല്‍ കടഞ്ഞെടുത്ത’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ട്രാക്ക് പാടി കഴിഞ്ഞതും ലാല്‍ ഏട്ടന്‍ ‘നമുക്ക് ഇവനെ കൊണ്ട് ഈ സിനിമയിലെ ഏതെങ്കിലും ഒരു പാട്ട് പാടിക്കാം’ എന്ന് പറയുകയായിരുന്നു. അദ്ദേഹത്തിന് എന്റെ പാട്ട് ഒരുപാട് ഇഷ്ടമായത് കൊണ്ടായിരുന്നു അങ്ങനെ പറഞ്ഞത്. സംവിധായകന്‍ ഷാഫിക്കയ്ക്കും അതിനോട് താത്പര്യമുണ്ടായിരുന്നു. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു.
അങ്ങനെയാണ് ഞാന്‍ കല്യാണരാമനില്‍ ‘തിങ്കളേ പൂന്തിങ്കളേ’ എന്ന പാട്ട് പാടുന്നത്. എം.ജി. ശ്രീകുമാറിനൊപ്പമായിരുന്നു പാടിയത്. അന്ന് എനിക്ക് ഒരുപാട് സന്തോഷം തോന്നി വലിയൊരു പ്രൊജക്റ്റില്‍ ഒരു പാട്ട് പാടാനുള്ള ഭാഗ്യം കിട്ടുന്നത് വലിയ കാര്യമല്ലേ. അതുകഴിഞ്ഞതും ബേണി – ഇഗ്‌നേഷ്യസ് ഇതില്‍ വേറെ പാട്ടുണ്ടെന്ന് പറഞ്ഞു. അത് നോര്‍ത്തില്‍ നിന്നുള്ള ആരെയെങ്കിലും കൊണ്ടുവന്നിട്ട് പാടിക്കാനുള്ള പാട്ടാണ് എന്നായിരുന്നു പറഞ്ഞത്.
അതിന് ഞാന്‍ ട്രാക്ക് പാടിയിരുന്നില്ല. ബാക്കി പാട്ടുകള്‍ക്കൊക്കെ ഞാന്‍ ട്രാക്ക് പാടിയിരുന്നു. അങ്ങനെ ഞാന്‍ ലാലിന്റെ അടുത്തും ഷാഫിയുടെ അടുത്തും സംസാരിച്ചു. എന്നെ കൊണ്ട് വെറുതെയൊന്ന് ട്രാക്ക് പോലെ പാടിച്ച് നോക്കാമെന്ന് ലാല്‍ ഏട്ടന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ‘കൈത്തുടി താളം തട്ടി’ എന്ന പാട്ട് പാടുന്നത്. ഞാന്‍ അത് പാടിയതും ഇനി വേറെയാരും വേണ്ടെന്ന് അവര്‍ തീരുമാനിച്ചു. ഇന്ന് ജനങ്ങള്‍ അഫ്‌സല്‍ എന്ന പാട്ടുകാരനെ ഓര്‍ക്കുന്നത് ആ പാട്ടിലൂടെയാണ്,’ അഫ്‌സല്‍ പറഞ്ഞു.
Content Highlight: Afsal Talks About His Songs In Kalyanaraman Movie