ബാരാമുള്ള: ഉപരി പഠനത്തിനായി വിദേശത്തു പോകാന്‍ പാസ്‌പോര്‍ട്ട് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. തനിക്ക് ആധാര്‍കാര്‍ഡ് ലഭിച്ചെന്നും ഇതുപോലെ പാസ്‌പോര്‍ട്ട് ലഭിക്കണമെന്നും ഗാലിബ് ഗുരു പറഞ്ഞു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാലിബ് ഇക്കാര്യം പറഞ്ഞത്.
പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും മികച്ച മാര്‍ക്ക് നേടിയ ഗാലിബിന് അഫ്‌സല്‍ ഗുരുവിനെപോലെ മെഡിസിന് പഠിക്കണമെന്നാണ് ആഗ്രഹം. വിദേശത്ത് നിന്ന് മെഡിക്കല്‍ പഠനത്തിനായി നിരവധി അവസരങ്ങളും ഗാലിബിനെ തേടിയെത്തുന്നുണ്ട്.
“അന്താരാഷ്ട്ര മെഡിക്കല്‍ പഠനത്തിന് എനിക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനങ്ങളുണ്ട്. ഒരു പാസ്‌പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ആധാര്‍ കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ഞാന്‍ ഇന്ത്യന്‍ പൗരനാണെന്നൊരു തോന്നലുണ്ട്”- ഗാലിബ് പറയുന്നു.
മെയ് അഞ്ചാം തിയ്യതി നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി പഠിയ്ക്കുകയാണ് ഗാലിബിപ്പോള്‍. “ഇവിടെ മെറിറ്റില്‍ സീറ്റ് കിട്ടണമെന്നും പഠിക്കണമെന്നുമാണ് ആഗ്രഹം. ഇവിടെ സീറ്റ് കിട്ടിയില്ലെങ്കില്‍ തുര്‍ക്കിയിലെ ഒരു മെഡിക്കല്‍ കോളെജില്‍ എനിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടിയേക്കും. അങ്ങനെ ഉപരിപഠനത്തിനായി പുറത്തേയ്ക്ക് പോകണം”- ഗാലിബ് പറയുന്നു.
ജമ്മു കശ്മീരിലെ ബാരാമുള്ളയ്ക്കടുത്ത് ഗുല്‍ഷാനാബാദിലാണ് അഫ്‌സല്‍ ഗുരുവിന്റെ വീട്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് ശേഷം അമ്മ തബസ്സുമിനും മുത്തച്ഛന്‍ ഗുലാം മുഹമ്മദിനുമൊപ്പമാണ് ഗാലിബ് താമസിക്കുന്നത്.
“അഞ്ചാം ക്ലാസ്സ് മുതല്‍ എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും എന്റെ ഉമ്മ എന്നെ അകറ്റി നിര്‍ത്തിയാണ് വളര്‍ത്തുന്നത്. ആരെന്ത് പറഞ്ഞാലും ശ്രദ്ധിക്കരുതെന്ന് ഉമ്മ എന്നോട് പറയും. ഉമ്മയെ നന്നായി നോക്കണം. അതാണ് എന്റെ ഇപ്പോഴത്തെ ഏകലക്ഷ്യം”- ഗാലിബ് പറയുന്നു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013 ഫെബ്രുവരി ഒമ്പതിനാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. തീഹാര്‍ ജയിലില്‍ രഹസ്യമായാണ് വധശിക്ഷ നടപ്പാക്കിയത്. മൃതദേഹം ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. ഗുരുവിനെ തൂക്കിലേറ്റി രണ്ടുദിവസം കഴിഞ്ഞാണ് കുടുംബാംഗങ്ങളെ വിവരമറിയിച്ചത്.
അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേയും കുടുംബത്തിന് മൃതദേഹം വിട്ടുകൊടുക്കാത്തതിനെതിരേയും മനുഷ്യാവകാശ സംഘടനകളും ജമ്മു കശ്മീരിലെ ഭരണപക്ഷവും സി.പി.ഐ.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.
ഏറെ കാത്തിരുന്നതും ഏറെ ആവശ്യമായിരുന്നതുമായ തീരുമാനമാണിതെന്നായിരുന്നു അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ വാര്‍ത്തവന്നതിനു ശേഷം ബി.ജെ.പി പറഞ്ഞത്.
പൊലീസിന്റെ ചാര്‍ജ് ഷീറ്റില്‍ പോലും അഫ്‌സല്‍ ഗുരുവിനെതിരെ ആരോപണമുണ്ടായിരുന്നില്ലെന്നും കോടതിക്ക് മുന്നില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിരത്തിയിരിക്കുന്നതെന്നും അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം അരുന്ധതി റോയ് ആരോപണമുന്നയിച്ചിരുന്നു.