| Sunday, 23rd February 2014, 10:49 am

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വീണ്ടും ബന്ധുക്കള്‍ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share] [] ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ ലഭിച്ച അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹമാവശ്യപ്പെട്ട് കുടുംബാഗങ്ങള്‍ വീണ്ടും രംഗത്ത്.  അഫ്‌സല്‍ ഗുരു ജയിലില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും വിട്ടുനല്‍കണമെന്ന് കുടുംബം ആവശ്യപ്പെടും. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതെവിടുന്ന സാഹചര്യത്തിലാണ് മൃതദേഹവും വസ്തുക്കളും ആവശ്യപ്പെട്ട് അഫ്‌സല്‍ ഗുരുവിന്റെ കുടുംബാഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് വിശ്വാസമെന്ന് അഫ്‌സല്‍ ഗുരുവിന്റെ സഹോദരന്‍ യാസിന്‍ ഗുരു പറഞ്ഞു. നേരത്തെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭാര്യ കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. 2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇത് 2003 ഒക്‌ടോബര്‍ 29ന് ഹൈക്കോടതിയും 2005 ആഗസ്റ്റ് നാലിന് സുപ്രീം കോടതിയും ശരിവച്ചു. 2006 ഒക്‌ടോബര്‍ 20ന് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനിടെ അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയതിനെത്തുടര്‍ന്ന് 2013 ഫെബ്രുവരി ഒമ്പതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.    ദയാഹരജി തള്ളിയ വിവരവും വധശിക്ഷ നടപ്പിലാക്കിയതും സര്‍ക്കാര്‍ കുടുംബാഗങ്ങളെ അറിയിച്ചിരുന്നില്ല. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മൃതദേഹം ജയില്‍ വളപ്പില്‍ തന്നെയാണ് സംസ്‌കരിച്ചത്.   കൂടുതല്‍ റിപ്പോര്‍ട്ടിന് ഇവിടെ വായിക്കുക


We use cookies to give you the best possible experience. Learn more