ബുദ്ധിയുള്ളവര്‍ ഇങ്ങനെയാണോ പറയുക; ഗംഭീറിനെതിരെ അഫ്രിദി
ICC WORLD CUP 2019
ബുദ്ധിയുള്ളവര്‍ ഇങ്ങനെയാണോ പറയുക; ഗംഭീറിനെതിരെ അഫ്രിദി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th May 2019, 12:56 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനോട് കളിക്കരുതെന്ന മുന്‍ ഇന്ത്യന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രിദി.

ഗംഭീര്‍ പറഞ്ഞത് വിവേകപൂര്‍വമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. ബുദ്ധിയുള്ളവര്‍ ഇങ്ങനെയാണോ പറയുക. വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെയാണോ സംസാരിക്കുകയെന്നും അഫ്രിദി ചോദിച്ചു.

ഗംഭീറിനെ കൂടാതെ ഗാംഗുലിയും സെവാഗും ഹര്‍ഭജനുമടക്കമുള്ള മുന്‍താരങ്ങള്‍ പാകിസ്ഥാനുമായി കളിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യാ-പാക് മത്സരം നടക്കണമെന്നായിരുന്നു സുനില്‍ ഗവാസ്‌കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറും അഭിപ്രായപ്പെട്ടത്.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ സ്റ്റേഡയങ്ങളില്‍ പ്രദര്‍ശിപ്പിച്ച പാക് താരങ്ങളുടെ ചിത്രങ്ങള്‍ മാറ്റിയിരുന്നു.

ജൂണ്‍ 16നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ മത്സരം. 25,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഈ മല്‍സരത്തിന് മാത്രമായി നാല് ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്.