| Monday, 7th February 2022, 11:43 am

ഇസ്രഈലിന് നിരീക്ഷണപദവി നല്‍കാനുള്ള തീരുമാനം ആഫ്രിക്കന്‍ യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ്ടൗണ്‍: ഇസ്രഈലിന് നിരീക്ഷണപദവി നല്‍കാനുള്ള തീരുമാനം ആഫ്രിക്കന്‍ യൂണിയന്‍ സസ്‌പെന്‍ഡ് ചെയ്തു.

യൂണിയനിലെ 55 അംഗരാജ്യങ്ങള്‍ക്കിടയില്‍ തീരുമാനത്തിനെതിരെ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് നിരീക്ഷണ പദവി (Observer Status) സസ്‌പെന്‍ഡ് ചെയ്യാനുള്ള പുതിയ തീരുമാനം.

”ഇസ്രഈല്‍ വിഷയം നിലവില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രശ്‌നം പഠിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കും,” യൂണിയന്‍ പ്രതിനിധി എ.എഫ്.പിയോട് പ്രതികരിച്ചു.

ആറംഗ കമ്മിറ്റിയെയാണ് വിഷയം പഠിക്കാനായി നിയോഗിച്ചിരിക്കുന്നത്.

പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഡെമോക്രസി ഫോര്‍ ദ അറബ് വേള്‍ഡ് നൗ (Democracy for the Arab World Now -DAWN) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാറാ ലിയ വിറ്റ്‌സണ്‍ ആഫ്രിക്കന്‍ യൂണിയന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ തലവനായ മൗസ ഫകി മഹമത് ഇസ്രഈലിന് യൂണിയനില്‍ നിരീക്ഷണ പദവി അനുവദിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ യൂണിയനിലെ അംഗരാജ്യങ്ങളോട് അഭിപ്രായം ചോദിക്കാതെയായിരുന്നു ഈ തീരുമാനം.

ഇതിന് പിന്നാലെ യൂണിയനിലെ അംഗരാജ്യങ്ങളില്‍ പകുതിയിലധികവും തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ ഇസ്രഈലിന് പദവി നല്‍കുന്നതിനെതിരെ നിലകൊണ്ടിരുന്നു.

ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പരസ്യമായി തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തങ്ങള്‍ അംഗരാജ്യങ്ങളായിരിക്കുമ്പോള്‍ യൂണിയന്റെ ഇത്തരം നടപടികള്‍ അനുവദിക്കില്ല എന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രതികരണം.

അതേസമയം കോംഗോ പോലുള്ള രാജ്യങ്ങള്‍ ഇസ്രഈലിന് അനുകൂലമായും നിലകൊണ്ടിരുന്നു.

എന്നാല്‍ ഇസ്രഈലിന്റെ നിരീക്ഷണ പദവി എടുത്തുകളയണമെന്ന ആവശ്യം യൂണിയന് പുറത്തുനിന്നും ശക്തമായിരുന്നു.

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിസ് ഫോര്‍ പലസ്തീനിയന്‍സ്, അമേരിക്കയിലെ ഡെമോക്രസി ഫോര്‍ അറബ് വേള്‍ഡ് നൗ, ദക്ഷിണാഫ്രിക്കയിലെ ലീഗല്‍ റിസോഴ്സ് സെന്റര്‍ തുടങ്ങി നിരവധി സംഘടനകളായിരുന്നു ആവശ്യമുന്നയിച്ചത്.

ഇസ്രഈല്‍ നടത്തുന്ന ഫലസ്തീന്‍ അധിനിവേശവും മനുഷ്യാവകാശ ലംഘനങ്ങളും കുറ്റകൃത്യങ്ങളും മാനവരാശിക്ക് എതിരാണെന്നും ഇത് ആഫ്രിക്കന്‍ യൂണിയന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുമായിരുന്നു വിമര്‍ശനമുയര്‍ന്നത്.

പാന്‍ ആഫ്രിക്കന്‍ സംഘടനയായ ആഫ്രിക്കന്‍ യൂണിയനില്‍ അംഗമാകുന്നതിനായി കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇസ്രഈല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിരീക്ഷണ പദവി ആവശ്യപ്പെട്ടുള്ള ഇസ്രഈലിന്റെ അപേക്ഷ മുന്‍പ് രണ്ട് തവണ യൂണിയന്‍ തള്ളിയിരുന്നു.


Content Highlight: African Union suspends decision to grant Israel observer status

We use cookies to give you the best possible experience. Learn more