| Thursday, 7th December 2023, 8:21 pm

ഫ്രാൻസ് പിന്തുണക്കുന്ന ജി5 സാഹേൽ സഖ്യം പിരിച്ചുവിടാൻ ആഫ്രിക്കൻ രാജ്യങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നവാക്ചോട്ട്: ഫ്രാൻസിന്റെ സൈനിക ഇടപെടൽ നടക്കുന്ന ജി5 സാഹേൽ സഖ്യം പിരിച്ചുവിടാൻ അവശേഷിക്കുന്ന സഖ്യ രാജ്യങ്ങളായ ചാഡും മൗറീഷാനിയയും.

ആഫ്രിക്കൻ ജിഹാദി വിരുദ്ധ മുന്നണിയിൽ നിന്ന് നേരത്തെ മൂന്ന് അംഗങ്ങൾ പിന്മാറിയിരുന്നു. 2014ൽ ചാഡ്, ബുർകിനോ ഫാസോ, മാലി, നൈഗർ, മൗറീഷാനിയ എന്നീ രാജ്യങ്ങൾ ചേർന്നാണ് ജി5ന് രൂപം നൽകിയത്.

2017ൽ സാഹേൽ പ്രദേശത്ത് സംയുക്തമായി തീവ്രവാദ വിരുദ്ധ സൈന്യത്തെ വിന്യസിക്കുവാൻ അഞ്ച് രാഷ്ട്രങ്ങളും തീരുമാനമെടുത്തിരുന്നു. ഒരു ദശാബ്ദത്തിലേറെയായി തീവ്രവാദ പ്രവർത്തനം നടക്കുന്ന മേഖലയാണ് ഇതെന്നാണ് പറയപ്പെടുന്നത്.

സാഹേൽ രാജ്യങ്ങളിൽ സൈനിക ഇടപെടൽ നടത്താൻ ഫ്രാൻസ് മുന്നോട്ട് വരികയും 3,000 സൈനികരെ വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫ്രാൻസിന്റെ നിയോ കൊളോണിയലിസത്തിനെതിരെ ജനങ്ങൾ പ്രതിഷേധക്കുകയും സൈനികരോട് രാജ്യം വിട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

ഫ്രാൻസിന്റെ കോളനികളായിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അവരുടെ കടന്ന് വരവ് പ്രതിഷേധങ്ങൾ നേരിട്ടതോടെ ഫ്രാൻസിന് പിൻവാങ്ങേണ്ടി വന്നു.

സംയുക്ത സേന ഉൾപ്പെടെ മുഴുവൻ ജി5 സാഹേൽ ബോഡികളിൽ നിന്നും പിന്മാറുകയാണെന്ന് കഴിഞ്ഞ ആഴ്ചയാണ് ബുർകിനോ ഫാസോയും നൈഗറും പ്രഖ്യാപിച്ചത്. പുറംലോകത്തിന്റെ അധീനതയിലാണ് സംഘടന എന്നാരോപിച്ച് 2022 മാലി സഖ്യത്തിൽ നിന്ന് രാജിവെച്ചിരുന്നു.

ഫ്രാൻസ് പിന്തുണയുള്ള ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ പരമാധികാര തീരുമാനത്തെ തങ്ങൾ ബഹുമാനിക്കുന്നതായി ചാഡും മൗറീഷാനിയെയും സംയുക്ത പ്രസ്താവന നടത്തിയിരുന്നു.

അതേസമയം പ്രദേശത്തെ വെല്ലുവിളികൾ നേരിടുവാൻ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുമായി തങ്ങളുടെ പ്രവർത്തനം തുടരുമെന്നും ഇരു രാജ്യങ്ങളും മൗറീഷാനിയ ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നുണ്ട്.

മുൻ ഫ്രഞ്ച് കോളനികളും ഇപ്പോൾ സൈനിക ഭരണത്തിലുമുള്ള മാലി, നൈഗർ ബുർക്കിനോ ഫാസോ എന്നീ രാജ്യങ്ങൾ ഫ്രാൻസുമായുള്ള സൈനിക ബന്ധങ്ങൾ അവസാനിപ്പിച്ച് അലയൻസ് ഓഫ് സാഹേൽ സ്റ്റേറ്റ്സ് രൂപീകരിക്കാനുള്ള ഉടമ്പടിയിൽ സെപ്റ്റംബറിൽ ഒപ്പുവെച്ചിരുന്നു.

Content Highlight: African nations to dissolve Paris-backed Sahel alliance

We use cookies to give you the best possible experience. Learn more