| Saturday, 13th January 2018, 11:02 am

'ഷിറ്റ്‌ഹോള്‍' അധിക്ഷേപം; പ്രസ്താവന പിന്‍വലിച്ച് ട്രംപ് മാപ്പു പറയണമെന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ പൗരന്മാരെ “ഷിറ്റ്‌ഹോള്‍” എന്നു വിശേഷിപ്പിച്ച് അധിക്ഷേപിച്ച ട്രംപ് മാപ്പ് പറയണമെന്ന് യു.എന്‍ അംഗങ്ങളായ ആഫ്രിക്കന്‍ രാജ്യങ്ങള്‍. പ്രസ്താവന പിന്‍വലിച്ച് ട്രംപ് മാപ്പ് പറയണമെന്ന് ഐക്യരാഷ്ട്രസഭയിലെ എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളും ഐക്യേകണ്‌ഠേനയാണ് തീരുമാനമെടുത്തത്.

നിറത്തിന്റെ പേരില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയും ജനങ്ങള്‍ക്കെതിരെയുമുള്ള യു.എസ് ഭരണകൂടത്തിന്റെ നിരന്തരമായുള്ള അധിക്ഷേപത്തിന്റെ തുടര്‍ച്ചയാണിതെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.

വര്‍ഗ്ഗീയതയും വെറുപ്പും നിറഞ്ഞ യു.എസ് പ്രസിഡന്റിന്റെ തീര്‍ത്തും നിഷ്ഠുരമായ പ്രസ്താവനയില്‍ താന്‍ നടുക്കം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയില്‍ അപലപിക്കുന്നതായും യു.എന്നിന്റെ ആഫ്രിക്കന്‍ അംബാസഡര്‍ വ്യക്താക്കി.

കഴിഞ്ഞ ദിവസമാണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും ഹെയ്ത്തിയന്‍സിനെയും പരാമര്‍ശിച്ചുകൊണ്ട്, എന്തിനാണ് ഇത്തരം “ഷിറ്റ്ഹോള്‍” രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഭാരം യു.എസ് പേറുന്നതെന്നായിരുന്നു് ട്രംപിന്റെ പരാമര്‍ശം. “എന്തിനാണ് ഇനിയും ഹെയ്ത്തിയന്‍സ്? അവരെ പുറത്താക്കൂ,”
നോര്‍വെ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളെ കൂടുതലായി സ്വാഗതം ചെയ്യുകയാണ് യു.എസ് ചെയ്യേണ്ടതെന്നും യോഗത്തില്‍ ട്രംപ് പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

കുടിയേറ്റ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോടാണ് ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്. ആയിരക്കണക്കിന് യുവ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെയുണ്ടാക്കിയ ഉഭയകക്ഷി ഒത്തുതീര്‍പ്പിന്റെ വിശദാംശങ്ങള്‍ രണ്ട് സെനറ്റര്‍മാര്‍ അവതരിപ്പിച്ചപ്പോഴാണ് ട്രംപ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

We use cookies to give you the best possible experience. Learn more