ആഫ്രിക്കന്‍ ഗെയിംസില്‍ കരുത്തരെ അട്ടിമറിച്ച് കുഞ്ഞന്‍ ടീമുകള്‍ക്ക് വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ കെനിയ പരാജയപ്പെടുത്തിയപ്പോള്‍ നൈജീരിയ നമീബിയയെ തകര്‍ത്തുവിട്ടു.
കഴിഞ്ഞ ദിവസം അച്ചിമൊട്ട സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 70 റണ്‍സിനാണ് കെനിയ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കെനിയ കോളിന്‍സ് ഒബുയയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടി.
47 പന്തില്‍ 58 റണ്‍സ് നേടിയാണ് ഒബുയ കെനിയന്‍ നിരയില്‍ കരുത്തായത്. രാകെപ് പട്ടേല്‍ 25 പന്തില്‍ 28 റണ്‍സും നീല്‍ മുഗാബെ 16 പന്തില്‍ 16 റണ്‍സും തങ്ങളുടെതായി സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന നല്‍കി.
142 റണ്‍സ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് കഴിഞ്ഞ മത്സരത്തില്‍ ആവര്‍ത്തിച്ച മികവ് പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യ വിക്കറ്റായി ഹെന്റിച്ച് പീറ്റേഴ്‌സിനെ നാല് റണ്‍സിന് നഷ്ടമായി. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ ജോര്‍ജ് വാന്‍ ഹീര്‍ഡന്‍ 22 പന്തില്‍ 22 റണ്‍സ് നേടി ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും യുവതാരം ആര്‍ണവ് പട്ടേലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു.
പിന്നാലെയെത്തിയവരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. ആര്‍ണവ് പട്ടേലിന്റെ സ്പിന്‍ മാജിക്കിന് ഉത്തരമില്ലാതെ വന്നപ്പോള്‍ സൗത്ത് ആഫ്രിക്ക 15 ഓവറില്‍ 71 റണ്‍സിന് ഓള്‍ ഔട്ടായി.
മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ആര്‍ണവ് പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ലൂകാസ് ഔലച്ച്, ഷെം എന്‍ഗോച്ചെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജെറാര്‍ഡ് മുത്തുയി ഒരു വിക്കറ്റും നേടി.
ഒടുവില്‍ കെനിയ 70 റണ്‍സിന്റെ വിജയം സ്വന്തമാക്കി.
അച്ചിമൊട്ട സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബി ഫീല്‍ഡില്‍ നടന്ന മറ്റൊരു മത്സരത്തില്‍ നൈജീരിയ മൂന്ന് വിക്കറ്റിനാണ് നമീബിയയെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നമീബിയ ഡൈലിന്‍ ലീച്ചറിന്റെയും നിക്കോള്‍ ലോഫ്റ്റി ഈറ്റണിന്റെയും ഇന്നിങ്‌സില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി.
ലീച്ചര്‍ 41 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയപ്പോള്‍ 26 പന്തില്‍ 27 റണ്‍സാണ് ഈറ്റണ്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈജീരിയ അവസാന പന്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു പന്ത് ശേഷിക്കെ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്ക സിക്‌സറടിച്ചുകൊണ്ടാണ് നൈജീരിയ വിജയം നേടിയത്.
ഐസക് ഡാന്‍ലഡി (21 പന്തില്‍ 28), സില്‍വെസ്റ്റര്‍ ഓക്‌പെ (15 പന്തില്‍ 22*) ഡാനിയല്‍ അയേകുന്‍ (25 പന്തില്‍ 20) എന്നിവരുടെ ഇന്നിങ്‌സാണ് നൈജീരിയക്ക് വിജയം സമ്മാനിച്ചത്.
Content highlight: African Games: Kenya defeated South Africa and Nigeria defeated Namibia