പരാജയപ്പെട്ടങ്കിലും ഫ്രാന്‍സിനെതിരായ സെമി ഫൈനലില്‍ മികച്ച പ്രകടനമാണ് ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി സെമി ഫൈനലില്‍ എത്തിയ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ പുറത്തെടുത്ത്.
അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം. പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസും രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന റണ്ടാല്‍ കോലോ മുവാനിയുമാണ് ഫ്രാന്‍സിന്റെ സ്‌കോറര്‍മാര്‍.
ലക്ഷ്യം കാണാനായില്ലെങ്കിലും കളിയുടെ ഏകദേശം മുഴുവന്‍ മേഖലയിലും ഏറക്കുറെ മുന്നില്‍ നില്‍ക്കാന്‍ മെറോക്കന്‍ ടീമിനായി.
കളിയുടെ അഞ്ചാം മിനിട്ടില്‍ തന്നെ ഗോള്‍ കണ്‍സീഡ് ചെയ്യേണ്ടി വന്നതാണ് ടീമിന് വിനയായത്. പിന്നീടങ്ങോട്ട് നിരന്തരം മുന്നേറ്റങ്ങളാണ് ഫ്രഞ്ച് പോസ്റ്റിലേക്ക് മൊറോക്കൊ നടത്തിയത്. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മയും അന്താരാഷ്ട്ര മത്സരത്തിലെ പരിചയക്കുറവും ഗോള്‍ അടിക്കുന്നതില്‍ നിന്ന് മൊറോക്കോയെ തടഞ്ഞു.
കളിയുടെ 62 ശതമാനവും പന്ത് കൈവെച്ചത് മൊറോക്കൊയായിരുന്നു. 90 മിനിട്ടില്‍ 13 ഷൂട്ട് മുന്‍ ചമ്പ്യന്മാരായ ഫ്രാന്‍സിന്റെ ബോക്‌സിലേക്ക് മൊറോക്കൊ തുടുത്തപ്പോള്‍, അതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ഗറ്റായിരുന്നു. രണ്ട് ഗോളടിച്ച ഫ്രാന്‍സും മൂന്ന് ഓണ്‍ടാര്‍ഗറ്റ് മാത്രമാണ് മൊറൊക്കന്‍ പോസ്റ്റിലേക്കെത്തിച്ചത്.
572 പാസുകളാണ് ഈ മത്സരത്തില്‍ മൊറോക്കൊ പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സിനിത് 364 മാത്രമാണ്. 86 ശതമാനമാണ് ആഫ്രിക്കന്‍ കരുത്തരുടെ പാസ് അക്യുറസി.
ഇന്ന് വീണ രണ്ട് ഗോളുകള്‍ മാത്രമാണ് ഈ ലോകകപ്പില്‍ എതിരാളികളില്‍ നിന്ന് മൊറോക്കന്‍ വല കുലുങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കാനഡക്ക് മൊറോക്കൊക്കെതിരെ ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കിലും, അത് ഓണ്‍ ഗോളായിരുന്നു.