യു.എൻ രക്ഷാ സമിതിയിൽ ആഫ്രിക്കക്ക് സ്ഥിരാംഗത്വമില്ലാത്തത് അനീതി: യു.എൻ സെക്രട്ടറി ജനറൽ
World News
യു.എൻ രക്ഷാ സമിതിയിൽ ആഫ്രിക്കക്ക് സ്ഥിരാംഗത്വമില്ലാത്തത് അനീതി: യു.എൻ സെക്രട്ടറി ജനറൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th January 2024, 9:35 am

ന്യൂയോർക്ക്: ആഫ്രിക്കക്ക് യു.എൻ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വമില്ല എന്നത് അനീതിയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.

ഭൗമ-രാഷ്ട്രീയ വിഭജനങ്ങൾ കാരണം നിലവിലെ രക്ഷാ സമിതിയുടെ ഘടന മരവിച്ചിരിക്കുകയാണെന്നും ഇന്നത്തെ ലോകത്തിന്റെ യാഥാർത്ഥ്യം പ്രതിഫലിപ്പിക്കുന്നില്ലെന്നും ഗുട്ടറസ് പറഞ്ഞു.

ഉഗാണ്ടയിൽ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി77ന്റെ മൂന്നാം ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗുട്ടറസ്.

യു.എൻ സ്ഥാപനങ്ങൾ രൂപീകരിച്ചപ്പോൾ മിക്ക ആഫ്രിക്കൻ രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്നും നിലവിൽ ആഫ്രിക്കയിൽ നിന്ന് ഒരു സ്ഥിരാംഗം പോലുമില്ല എന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആദ്യമായി ഞാൻ പ്രതീക്ഷിക്കുന്നത്, യു.എൻ രക്ഷാ സമിതിയിലെ ഭാഗികമായ ഭേദഗതിയിലൂടെ ഈ അനീതി ഇല്ലാതാക്കാൻ സാധിക്കുമെന്നാണ്. അങ്ങനെ യു.എൻ രക്ഷാ സമിതിയിൽ ആഫ്രിക്കക്ക് ഒരു സ്ഥിരാംഗമെങ്കിലും ഉണ്ടാകും.

അത് ഉറപ്പാണ് എന്നതല്ല. അത് ജനറൽ അസംബ്ലിയിലെ അംഗ രാജ്യങ്ങളെ ആശ്രയിച്ചിരിക്കും. എന്നാലും പ്രതീക്ഷിക്കാൻ വകുപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ ഗുട്ടറസ് പറഞ്ഞു.

15 അംഗങ്ങളുള്ള യു.എൻ രക്ഷാ സമിതിയിൽ റഷ്യ, ചൈന, യു.എസ്, യു.കെ, ഫ്രാൻസ് എന്നിവയാണ് പ്രമേയങ്ങൾ തള്ളാൻ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങൾ.

55 രാജ്യങ്ങൾ ഉൾപ്പെടുന്ന ആഫ്രിക്കൻ യൂണിയൻ ദീർഘകാലമായി രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം ആവശ്യപ്പെടുന്നു. സമിതിയിൽ രണ്ട് സ്ഥിരം സീറ്റുകൾ വേണമെന്നാണ് ആഫ്രിക്കയുടെ ആവശ്യം. നിലവിൽ അൽജീരിയ, മൊസാംബിക്, സിയെറ ലിയോൺ എന്നീ താത്കാലിക അംഗങ്ങളാണുള്ളത്.

Content Highlight: Africa needs permanent seat on Security Council – UN chief