32 ദിവസത്തെ രാഷ്ട്രീയനാടകം, രാഷ്ട്രപതിയേയും ഗവര്‍ണറേയും എന്‍ഫോഴ്‌സ്‌മെന്റിനേയും ഉപയോഗിച്ച് പാതിരാവില്‍ രൂപീകരിച്ച ഭരണകൂടം, 80 മണിക്കൂര്‍ മാത്രം ആയുസുണ്ടായിരുന്ന രണ്ടാം ഫഡ്‌നാവിസ് സര്‍ക്കാര്‍, റിസോര്‍ട്ട് നാടകങ്ങള്‍, സുപ്രീംകോടതി, വാദപ്രതിവാദങ്ങള്‍…
ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയിലെ അനിശ്ചിതത്വത്തിന് വിരാമമാകുമ്പോള്‍ ബി.ജെ.പിയുടെ അപ്രമാദിത്വത്തിന് രാജ്യത്ത് തിരിച്ചടിയേല്‍ക്കുന്നുവെന്ന വ്യക്തമായ സൂചന കൂടിയാണ് പുറത്തുവരുന്നത്. ഭൂമിശാസ്ത്രപരമായി പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ 71 ശതമാനം മേഖലയിലും ഭരണം കൈയാളിയിരുന്നത് 2017 ല്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ ആയിരുന്നെങ്കില്‍ 2019 നവംബര്‍ ആകുമ്പോള്‍ അത് 40 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
2014 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഏഴ് സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയ്ക്ക് അധികാരമുണ്ടായിരുന്നത്. കേന്ദ്രഭരണത്തിന്റെ സഹായത്താലും ഭരണഘടനമൂല്യങ്ങളെ കാറ്റില്‍പ്പറത്തിയും പിന്നീട് ഓരോ സംസ്ഥാനങ്ങളേയും അക്ഷരാര്‍ത്ഥത്തില്‍ ഷാ-മോദി സഖ്യം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 2015 ല്‍ 13, 2016 ല്‍ 15, 2017 ല്‍ 19, 2018 ല്‍ 21 എന്നിങ്ങനെയായിരുന്നു ബി.ജെ.പി അധികാരത്തിലിരുന്ന സംസ്ഥാനങ്ങള്‍.
എന്നാല്‍ ഷാ-മോദി സഖ്യത്തിന്റെ കാലിനടിയിലെ മണ്ണൊലിക്കുന്നതിന്റെ സൂചനയാണ് പിന്നീട് കണ്ടത്. ഒരു വശത്ത് തീര്‍ത്തും അപ്രതീക്ഷിതമായി മിസോറാം പോലുള്ള സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചപ്പോള്‍ മറുവശത്ത് രാജ്യത്തിന്റെ ഹൃദയഭൂമികളില്‍ തെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പിയ്ക്ക് തിരിച്ചടിയേറ്റു.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് തിരിച്ചുവന്നു. ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യകക്ഷിയായ ടി.ഡി.പിയുമായി പിണങ്ങി. കശ്മീരില്‍ പി.ഡി.പിയുമായുള്ള സര്‍ക്കാരില്‍ നിന്നിറങ്ങി പ്രതിപക്ഷ നേതാക്കളെ തടങ്കലിലാക്കി രാഷ്ട്രപതി ഭരണം കൊണ്ടുവന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയ്‌ക്കൊപ്പം നിന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടിയുണ്ടാകുന്നു എന്നത് കണക്കുകളില്‍ തന്നെ വ്യക്തമാണ്. 2017 ല്‍ 21 സംസ്ഥാനങ്ങളില്‍ ബി.ജെ.പി സഖ്യം ഭരിച്ചെങ്കില്‍ 2019 ല്‍ അത് 17 ആയി കുറഞ്ഞു. സംഖ്യാകണക്കില്‍ വലിയ വ്യത്യാസം എന്ന് പറയാനാവില്ലെങ്കിലും 71 ശതമാനത്തില്‍ 40 ശതമാനത്തിലേക്ക് ബി.ജെ.പി കൂപ്പുകുത്തിയത് ജനാധിപത്യ-മതേതരകക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
നിലവില്‍ ആറ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ ആണ് ഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെറും നാല് സംസ്ഥാനങ്ങളിലാണ് യു.പി.എയ്ക്ക് ഭരണമുണ്ടായിരുന്നത്. യു.പി.എയിലും എന്‍.ഡി.എയിലും ഉള്‍പ്പെടാത്ത കക്ഷികള്‍ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്. കേരളം, ആന്ധ്ര, ഒറിസ, തെലങ്കാന, ബംഗാള്‍, ദല്‍ഹി എന്നിവിടങ്ങളില്‍ എന്‍.ഡി.എ-യു.പി.എ ഇതരകക്ഷികളാണ് അധികാരത്തിലുള്ളത്.
അധികാരമെന്ന പരമമായ ലക്ഷ്യത്തിലെത്താന്‍ എന്ത് നെറികേടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ നയിക്കുന്ന കക്ഷിയ്ക്ക് സ്വീകാര്യമാണ്. അതിനവര്‍ ലോകത്തില്‍ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയെ തിരുത്തിയെഴുതും. ജനാധിപത്യത്തിന്റെ തൂണുകളെ തച്ചുടയ്ക്കും. അധികാര സ്ഥാപനങ്ങളെ വിലയ്‌ക്കെടുക്കും. താല്‍ക്കാലികമായെങ്കിലും അവര്‍ പടര്‍ന്ന് പന്തലിക്കും.
എന്നാല്‍ എല്ലാത്തിനുമൊടുവില്‍ ഒരിക്കല്‍ വീഴും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ രണ്ട് ചിത്രങ്ങള്‍.