Film News
ക്യൂട്ട്‌നെസ് വാരിവിതറാതെ രശ്മിക; ഇവിടെ ഫുള്‍ റഫ് ആന്‍ഡ് ടഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 06, 11:46 am
Saturday, 6th August 2022, 5:16 pm

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്തിരിക്കുകയാണ്. റാമായി ദുല്‍ഖറും സീതാമഹാലക്ഷ്മിയായി മൃണാള്‍ താക്കൂറും എത്തിയപ്പോള്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്.

ഇതുവരെ രശ്മിക അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് സീതാരാമത്തിലെ അഫ്രീന്‍. സാധാരണ താരം നായികയായെത്തുന്ന ചിത്രങ്ങളില്‍ ക്യൂട്ട്‌നെസും റൊമാന്‍സുമൊക്കെ മെയ്‌നാവാറുണ്ട്. എന്നാല്‍ സീതാ രാമത്തില്‍ റൊമാന്‍സിന്റെ ഭാഗങ്ങള്‍ മുഴുവനും ദുല്‍ഖറും മൃണാളും കയ്യടക്കിയപ്പോള്‍ റഫ് ആന്‍ഡ് ടഫ് ആയിരിക്കുകയാണ് രശ്മികയുടെ അഫ്രീന്‍. താരത്തിന്റെ ഇന്‍ട്രോ സീന്‍ തന്നെ ടെറര്‍ ബാക്ക്ഗ്രൗണ്ട് മ്യൂസികിന്റെ അകമ്പടിയോടെയാണ്.

ആര്‍ക്കും കീഴ്‌പ്പെടാത്ത, ക്ഷമയോ സൗമ്യതയോ തന്റെ ഡിക്ഷ്ണറിയിലില്ലാത്ത ഒരു ‘കലിപ്പത്തി’യാണ് അഫ്രീന്‍, ഒരു റിബല്‍ ക്യാരക്റ്റര്‍. ദേശസ്‌നേഹം മൂത്ത എക്‌സ്ട്രിമിസ്റ്റ് കൂടിയാണ് അവള്‍. മുത്തച്ഛനോട് മിണ്ടാതിരിക്കുന്ന അഫ്രീന്‍ ആ ദേഷ്യം മൂലം അദ്ദേഹം മരിക്കുന്നത് പോലും വളരെ വൈകിയാണ് അറിയുന്നത്. മുത്തച്ഛന്‍ തന്നെ ചെയ്യാനേല്‍പിച്ച കാര്യം അഫ്രീന്‍ ചെയ്യുന്നത് തന്നെ ഒരു ഉപകാരം എന്ന നിലയിലല്ല, സ്വന്തം കാര്യസാധ്യത്തിനായാണ്. എന്നാല്‍ ഇത്തരത്തില്‍ സ്വാര്‍ത്ഥയായ കഥാപാത്രത്തിന് ഒടുവില്‍ ട്രാന്‍സ്ഫര്‍മേഷനും സംഭവിക്കുന്നുണ്ട്.

ചിത്രത്തില്‍ ക്യൂട്ട്‌നെസ് പോയിട്ട് രശ്മിക ചിരിക്കുന്ന രംഗം പോലും കാണാനാവില്ല. ചിത്രത്തിന് ആവശ്യമായ രീതയില്‍ അഫ്രീനെ രശ്മിക അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ ക്ലീഷേയായ രശ്മികയുടെ ക്യൂട്ട്‌നെസ് ചിത്രത്തിലില്ലാത്തത് നന്നായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

ദുല്‍ഖറും മൃണാള്‍ താക്കൂറും മികച്ച രീതിയില്‍ തന്നെ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. റാമിന്റേയും സീതയുടെയും പ്രണയം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Content Highlight: Afreen in Sita ramam is a different character from the characters Rashmika has played so far