രണ്ട് വര്‍ഷം മുമ്പ് നടന്ന, പ്രധാനമായും ദളിത് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ വെച്ച്, തന്റെ പഴയ അനുഭവങ്ങളെ കുറിച്ചും അതിജീവനങ്ങളെ കുറിച്ചും ആവേശപൂര്‍വ്വം സംസാരിച്ചപ്പോള്‍, തന്റെ സമുദായത്തിലെ അടുത്ത തലമുറയെ കൂടുതല്‍ ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ളവരാക്കുക എന്ന ലക്ഷ്യമായിരുന്നു ഡോ. വിക്രം ഹരിജന്‍ എന്ന സര്‍വകലാശാലാ അദ്ധ്യാപകന് ഉണ്ടായിരുന്നത്.
ജെ.എന്‍.യു വില്‍ നിന്ന് ചരിത്രത്തില്‍ ഡോക്ടറെറ്റ് നേടിയ, കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി ഉത്തര്‍ പ്രദേശിലെ അലഹബാദ് യുണിവേഴ്‌സിറ്റി ചരിത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ഡോ. വിക്രം പക്ഷെ, കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍വകലാശാലയില്‍ നിന്നും മാറി നില്‍ക്കുകയാണ്.
നേരത്തെ സൂചിപ്പിച്ച, അദ്ദേഹം 2017-ല്‍ നടത്തിയ, ഏതാണ്ട് ഒരു മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ ചെറിയൊരു ഭാഗം, സംഘപരിവാര്‍ അനുകൂലിയായ ഒരു വിദ്യാര്‍ഥി യൂടൂബില്‍ പ്രസിദ്ധീകരിച്ചതും അതിനു ശേഷം വന്ന ഭീഷണികളുമാണ് ഡോ. ഹരിജന്റെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
തന്റെ ചെറുപ്പത്തില്‍ സമൂഹത്തില്‍ പ്രബലമായിരുന്ന, ജാതീയമായി പിന്നോക്കമായ തന്റെ സമുദായത്തെ കീഴ്‌പ്പെടുത്തി വെക്കാന്‍ കൂടി ഉപയോഗിച്ചിരുന്ന ദൈവീക വിശ്വാസങ്ങളെ പ്രകോപനപരമായി നേരിട്ട അനുഭവങ്ങള്‍ പങ്ക് വെക്കുന്ന ഭാഗമാണു അദ്ദേഹത്തിന്റെ ശത്രുക്കള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. ഒരു പ്രതിഷ്ടയില്‍ മൂത്രമൊഴിച്ച സംഭവമായിരുന്നു അത്.
പ്രകോപനപരം എന്ന് വേണമെങ്കില്‍ പറയാവുന്ന ഭാഗം പ്രചരിക്കപ്പെടുകയും വിവാദം ആവുകയും ചെയ്തതോടെ ഡോ. ഹരിജന്‍ താന്‍ ആരുടെയും വികാരം മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും വ്യക്തമാക്കി. എന്നാല്‍ അദ്ദേഹത്തെ ലക്ഷ്യമിടാന്‍ കാരണം അന്വേഷിച്ചു നടന്നിരുന്നവര്‍ തൃപ്തരായില്ല. അദ്ദേഹത്തിനെതിരെ വെറുപ്പും ഭയവും ഉളവാക്കുന്ന ഭാഷയില്‍ അവര്‍ രംഗത്ത് വന്നു.
മോബ് ലിഞ്ചിംഗ് നടത്തുമെന്നും തലവെട്ടുമെന്നും വെടി വെക്കുമെന്നുമെല്ലാം ഭീഷണിപ്പെടുത്തിക്കൊണ്ട് നിരവധി സന്ദേശങ്ങളാണ് അദ്ദേഹത്തിന് ഫോണിലൂടെയും സമൂഹ മാധ്യമങ്ങള്‍ വഴിയും ലഭിച്ചത്.
ഡോ. ഹരിജന്റെ നേരത്തെ തന്നെയുള്ള ദലിത് കേന്ദ്രീകൃതമായ ജാതിവിരുദ്ധ നിലപാടുകളും ഹിന്ദുത്വവിരുദ്ധ വീക്ഷണങ്ങളും കാരണം ഹിന്ദുത്വ തീവ്രവാദികള്‍ നേരത്തെ തന്നെ അദ്ദേഹത്തെ നോട്ടമിട്ടിരുന്നു. ഡോ.ഹരിജന്റെ പേരില്‍ പ്രചരിച്ച എഡിറ്റ് ചെയ്ത വീഡിയോ അദ്ദേഹത്തെ ശത്രുവായി കരുതിയവര്‍ക്ക് ലഭിച്ച നല്ലൊരു അവസരമായി.
പരാതികള്‍, ഭീഷണികള്‍
പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് തന്റെ തന്നെ വിദ്യാര്‍ഥിയായ ഒരു എ.ബി.വി.പി പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണെന്ന് ഡോ. ഹരിജന്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് നിരവധി ഭീഷണികള്‍ക്ക് പുറമേ പോലീസിലും സര്‍വകലാശാലയിലും അദ്ദേഹത്തിനെതിരെ പരാതിയും ലഭിച്ചു. എന്നാല്‍ ഈ പരാതികള്‍ അദ്ദേഹത്തെ ഭയപ്പെടുത്തുന്നില്ല. അവക്ക് അദ്ദേഹം വിശദമായ മറുപടിയും നല്‍കി കഴിഞ്ഞു.
എന്നാല്‍ ഡോ. ഹരിജനെ ഭയപ്പെടുത്തുന്നത്, ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന ആരെയും ഭയപ്പെടുത്തുന്നത്, അദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന ഭീഷണി സന്ദേശങ്ങളാണ്. ഈ ഭീഷണികളുടെ വിശദ വിവരങ്ങള്‍ — അവയുടെ ഉള്ളടക്കം, വ്യക്തികളുടെ പേരുകള്‍, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട്, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവയടക്കം — അദ്ദേഹം പോലീസിനു കൈമാറിയിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തനിക്ക് മതിയായ സുരക്ഷ നല്‍കണമെന്നുമാണ് ഡോ. ഹരിജന്റെ അവശ്യം. എന്നാല്‍ അദ്ദേഹത്തിന് അനുകൂലമായി കാര്യമായ നടപടികള്‍ ഇല്ലാത്തത് കൊണ്ട് തന്നെ ഇത് വരെ, ഒരു മാസത്തിലേറെയായി, സര്‍വകാലാശാലയിലേക്ക് പോകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ആള്‍ക്കൂട്ടത്തിന്റെ നീതിരഹിതവും മനുഷ്യത്വവിരുദ്ധവുമായ വിചാരണയും ശിക്ഷ നടപ്പാക്കലുമാണ് എഴുത്തുകാരന്‍ കൂടിയായ ഈ അധ്യാപകനെ ഭയപ്പെടുത്തുന്നത്.
എന്തായാലും ഈ മാസം 14-ന് തിരിച്ച് ജോലിയില്‍ പ്രവേശിക്കാനാണ് തന്റെ തീരുമാനമെന്ന് വ്യാഴാഴ്ച അദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അതിനു മുമ്പ്, തന്നെ പിന്തുണക്കുന്ന സന്നദ്ധപ്രവര്‍ത്തകരോടൊപ്പം പ്രയാഗ് രാജ് (അലഹബാദ്) ജില്ലാ പോലീസ് മേധാവിയെ നേരില്‍കണ്ട് തനിക്ക് സുരക്ഷനല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തിങ്കളാഴ്ച തന്നെ സര്‍വകലാശാല വി സിയെ കാണുമെന്നും ഇതേ കാര്യം വി സിയോടും പറയുമെന്നും ഡോ. ഹരിജന്‍ പറഞ്ഞു. തന്റെ വിദ്യാര്‍ഥികളില്‍ തന്നെ നിരവധി ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഉണ്ടെന്നും ക്ലാസ്സില്‍ വെച്ച് പോലും തനിക്ക് നേരെ ആക്രമണം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ”അലഹബാദ് പോലൊരു നഗരത്തില്‍ എനിക്കെതിരെ എന്ത് തരത്തിലുള്ള ആക്രമണവും ഉണ്ടാകാം,” അദ്ദേഹം പറഞ്ഞു. സംഘപരിവാരത്തിന് ഏറെ സ്വാധീനമുള്ള നഗരമാണ് അലഹബാദ് എന്ന പ്രയാഗ് രാജ്.
ശത്രുക്കള്‍ കാത്തിരുന്ന അവസരം
ജാതി വിവേചനമടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോയ വ്യക്തിയാണ് ഡോ. ഹരിജന്‍. അദ്ദേഹം രണ്ട് വര്‍ഷം മുന്‍പ് നടന്ന ആ ചടങ്ങില്‍ യുവ തലമുറക്ക് പകര്‍ന്നു കൊടുക്കാന്‍ ശ്രമിച്ചതും തന്റെ ജീവിത പാഠങ്ങളായിരുന്നു. എന്നാല്‍, ജാതിവ്യവസ്ഥയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും വിമര്‍ശനാത്മകമായും പണ്ഡിതോചിതമായും സമീപിക്കുന്ന ഹരിജന്‍, അദ്ദേഹത്തെ അറിയുന്ന ഹിന്ദുത്വ വാദികളുടെയും ജാതി മേല്‍ക്കോയ്മാ വാദികളുടേയും കണ്ണിലെ കരടാണ്. അദ്ദേഹത്തെ നിശബ്ദനാക്കേണ്ടത് കുറെ കാലമായി അവരുടെ ആവശ്യമാണ്.
സര്‍വകലാശാലയില്‍ 2013-ല്‍ ജോലിക്ക് പ്രവേശിച്ചത് മുതല്‍ പല രീതിയിലുള്ള വെല്ലുവിളികളിലൂടെ പോകേണ്ടി വന്നു ഈ അധ്യാപകന്. ലൈബ്രറിയിലെ പുസ്തകങ്ങള്‍ മോഷ്ടിച്ചു എന്ന അടിസ്ഥാന രഹിതമായ ആരോപണമായിരുന്നു ആദ്യത്തേത്.
താന്‍ ലൈബ്രറി കൂടുതലായി ഉപയോഗിക്കുന്നത് ജാതിമേല്‍ക്കോയ്മ ബാധിച്ച ചില സര്‍വകലാശാല ജീവനക്കാര്‍ക്ക് അസഹ്യമായിരുന്നു എന്ന് ഹരിജന്‍ പറയുന്നു. മറ്റൊരിക്കല്‍, ഒരു ഗവേഷക വിദ്യാര്‍ഥിയുടെ പി.എച്.ഡി പ്രീ-സബ്മിഷന്‍ സമയത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ഏതാനും സംഘപരിവാര്‍ യുവാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു ഇദ്ദേഹത്തെ. അന്ന് മറ്റൊരു ഗവേഷക വിദ്യാര്‍ഥിയുടെ സഹായം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.
അലഹബാദ് സര്‍വകലാശാലയിലെ സ്വന്തം ചരിത്രപഠന വകുപ്പില്‍ ജാതിയെയും ചരിത്രരചനാ ശാസ്ത്രത്തെയും പ്രശ്‌നവല്‍ക്കരിക്കുന്ന ഒന്നിലധികം അക്കാദമിക സെമിനാറുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വതില്‍ നടത്തുകയുണ്ടായി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഇവയുടെ സംഘാടനം എന്ന് അദ്ദേഹം വിവരിക്കുന്നു. ഇതും അദ്ദേഹത്തെ ലക്ഷ്യമിടാന്‍ സംഘപരിവാര്‍ അനുയായികളെ പ്രേരിപ്പിച്ചിരിക്കണം.
തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ഒരു ഗവേഷണ വിദ്യാര്‍ഥി സമര്‍ത്ഥമായി തന്നെ ശല്യം ചെയ്യാറുള്ള അനുഭവവും നേരത്തെ ഹരിജന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അലഹബാദ് സര്‍വകലാശാലയിലെ സ്ഥിരം അധ്യാപകനാണ് ഡോ. വിക്രം ഹരിജന്‍. എന്നാല്‍, അദ്ദേഹത്തിന് ഒരു വലിയ പ്രതിസന്ധി വന്നപ്പോള്‍ ആ സര്‍വകലാശാല എങ്ങനെ അതിനോട് പ്രതികരിച്ചു എന്നത് നിരാശാജനകമാണ്.
രാജ്യത്ത്, ഇത് അലഹബാദ് സര്‍വകലാശാലുടെ മാത്രം പ്രശ്‌നമല്ല എന്നത് ഈ നിരാശ ഇരട്ടിയാക്കുന്നു. ‘ജെ.എന്‍.യു. ഒരു മഹത്തായ സര്‍വകലാശാലയുടെ പതനത്തിന്റെ കഥ’ എന്ന തന്റെ ലേഖനത്തില്‍ ദല്‍ഹിയിലെ പ്രമുഖമായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലക്ക് (ജെ.എന്‍.യു) സംഭവിച്ച മാറ്റത്തെ കുറിച്ച് അവിടുത്തെ തന്നെ അധ്യാപകനായ, മൂന്ന് പതിറ്റാണ്ടിലേറെയായി അക്കാദമികരംഗത്തുള്ള, പ്രൊഫ. അവിജിത് പഥക്, തന്റെ പഴയതും പുതിയതുമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍, കുറച്ചധികം വ്യസനത്തോടെ വിവരിക്കുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍വകലാശാലയെ ഭയം ഗ്രസിച്ചിരിക്കുകയാണെന്നും അത്തരം സാഹചര്യത്തില്‍ സര്‍ഗാത്മകമായ അക്കാദമികജീവിതം അസാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”ഒറ്റ ദിശയിലുള്ള അക്കാദമിക് കൗണ്‍സില്‍ യോഗത്തിനിടെ എതിരഭിപ്രായം പറയുന്ന ഒരു മുതിര്‍ന്ന പ്രൊഫസറെ എങ്ങനെയാണ് നാണംകെടുത്തുന്നത് എന്ന് നിങ്ങള്‍ കാണുമ്പോള്‍, അത് കണ്ടിട്ടും മറ്റുള്ളവര്‍ നിശ്ശബ്ദത പാലിക്കുമ്പോള്‍, സന്ദേശം വ്യക്തമാണ് – ‘ബന്ധപ്പെട്ട അധികാരികളെ’ ചോദ്യം ചെയ്യരുത്”, അവിജിത് പഥക് എഴുതി. ”ഇത് എന്റെ സര്‍വകലാശാലയല്ല … ബന്ധപ്പെട്ട അധികാരികളുടെ സര്‍വകലാശാലയാണ്”.