| Monday, 1st August 2022, 9:56 am

എസ്.എം.എ രോഗബാധിതയായിരുന്ന അഫ്ര അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എസ്.എം.എ(സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗബാധിതയായിരുന്ന മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര അന്തരിച്ചു. പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

എസ്.എം.എ രോഗബാധിതയായതിനെ തുടര്‍ന്ന് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ വീല്‍ചെയറിലായിരുന്നു അഫ്രയുടെ ജീവിതം.
മകള്‍ ആശുപത്രിയിലായതോടെ വിദേശത്ത് ജോലിക്ക് പോയ അഫ്രയുടെ പിതാവ് റഫീഖ് നാട്ടില്‍ എത്തിയിരുന്നു.

തന്റെ സഹോദരന്‍ മുഹമ്മദിനും തന്റെ അതേ രോഗം പിടിപെട്ടപ്പോള്‍ ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറില്‍ ഇരുന്നു നടത്തിയ അഭ്യര്‍ത്ഥന വലിയ വാര്‍ത്തയായിരുന്നു. 18 കോടി രൂപയുടെ മരുന്ന് ഇറക്കുമതി ചെയ്യാനാണ് അഫ്ര കുഞ്ഞനിയനുവേണ്ടി സഹായം ചോദിച്ചത്.

തനിക്കുണ്ടായ വേദന സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ അഭ്യര്‍ത്ഥന. അഫ്ര സഹായമഭ്യര്‍ഥിച്ചപ്പോള്‍ 46 കോടി രൂപയാണ് അന്ന് സമാഹരിക്കാനായിരുന്നത്.

പേശികളുടെ ശക്തി കുറഞ്ഞു വരുന്ന അപൂര്‍വ രോഗമാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി. കുട്ടികളില്‍ വലിയ അപകടമുണ്ടാക്കുന്ന ഈ രോഗത്തിന്റെ മരുന്നിന് 18 കോടിയോളം രൂപയാണ് ചെലവ് വരുന്നത്. അഫ്രക്ക് ചെറുപ്പത്തില്‍ തന്നെ ഈ മരുന്ന് നല്‍കാന്‍ സാധിച്ചിരുന്നില്ല. കേരളത്തില്‍ ഈ അപൂര്‍വ്വ രോഗം ബാധിച്ച 100 പേര്‍ ചികിത്സയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

CONTENT HIGHLIGHTS: : Afra  passed away after suffering from SMA (Spinal Muscular Atrophy).

We use cookies to give you the best possible experience. Learn more