മലപ്പുറം: കൊണ്ടോട്ടി സ്വദേശി സുമയ്യയോടൊപ്പം ജീവിക്കണ്ടെന്ന് ഹൈക്കോടതിയില്‍ നിര്‍ബന്ധിച്ച് മൊഴി മാറ്റിച്ചതാണെന്ന് പങ്കാളി അഫീഫയുടെ വെളിപ്പെടുത്തല്‍. അഫീഫയെ നിലവില്‍ വീട്ടുകാര്‍ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്ന് വനജ കലക്റ്റീവ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. മലപ്പുറം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ മുന്നില്‍ വെച്ചാണ് അഫീഫയെ കാറില്‍ കയറ്റി കൊണ്ടു പോയത്. സംഭവത്തിന്റെ ദൃശ്യങ്ങളും വനജ കലക്റ്റീവ് പങ്കുവെച്ചിട്ടുണ്ട്.
‘അഫീഫയെ രക്ഷിക്കാന്‍ വേണ്ടി മലപ്പുറം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെല്ലാം പോയതിന് ശേഷം അവര്‍ക്ക് യാതൊരു രീതിയിലും അവളെ രക്ഷിക്കാന്‍ സാധിച്ചില്ല. അവരുടെ മുന്നില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു ചെയ്തത്. എങ്ങോട്ടേക്കാണ് കൊണ്ടു പോയതെന്ന് അറിയില്ല. വീഡിയോയില്‍ കാണുന്നത് പോലെ അവിടെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു.
അഫീഫയെ ഹൈക്കോടതിയില്‍ മാറ്റിപ്പറയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതുമാത്രല്ല, കുട്ടിക്ക് പല തരത്തിലുളള ചികിത്സകളും നല്‍കിയിട്ടുണ്ട്. ശാരീരികോപദ്രവം നടന്നിട്ടുണ്ട്. ഇതിനൊക്കെ തെളിവുകള്‍ അഫീഫ സുമയ്യക്ക് അയച്ച സ്‌ക്രീന്‍ ഷോട്ടിലുണ്ട്, ഇത് സുമയ്യ തന്നെയാണ് തന്നത്,’ വനജ കലക്റ്റീവ് പറഞ്ഞു.
തന്നെ കോഴിക്കോടുള്ള ഏതോ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അഫീഫ സുമയ്യക്ക് അയച്ച മെസേജില്‍ പറയുന്നു. അവിടുത്തെ നഴ്‌സ്മാരോടും ഡോക്ടര്‍മാരോടും പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതൊന്നും തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അഫീഫ പറയുന്നു. ഇവരുടെ പ്രണയം പ്രകൃതി വിരുദ്ധമാണെന്ന് ഡോക്ടര്‍ പറഞ്ഞതായും അഫീഫ സൂചിപ്പിച്ചു.
നിലവില്‍ വീട്ടുകാര്‍ എവിടെയാണ് അഫീഫയെ കൊണ്ടു പോയതെന്ന് വ്യക്തമല്ല. അഫീഫയെ വണ്‍സ്റ്റോപ്പ് പ്രൊട്ടക്ഷന്‍ സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിച്ചായിരുന്നു പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ വന്നത്. ഇതിനിടെയാണ് അഫീഫയെ വീട്ടുകാര്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കൊണ്ടുപോയത്.
തനിക്ക് സുമയ്യക്കൊപ്പം പോകണമെന്ന് അഫീഫ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അഫീഫയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പങ്കാളി സുമയ്യ ഷെറിന്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യം എന്ന് അഫീഫ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് അഫീഫയെ വീട്ടുകാരോടൊപ്പം കോടതി അയക്കുകയായിരുന്നു. സുമയ്യയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി ആ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു അഫീഫ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് നിര്‍ബന്ധിച്ച് പറയിച്ചതാണെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.
മെയ് 30നാണ് എറണാകുളത്തെ ജോലിസ്ഥലത്ത് നിന്ന് അഫീഫയെ നിര്‍ബന്ധപൂര്‍വം വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയത്. സഹപാഠികളായ സുമയ്യയുടെയും അഫീഫയുടെയും ബന്ധം വീട്ടിലറിഞ്ഞതോടെ പ്രശ്‌നമാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഒരുമിച്ച് ജീവിക്കാന്‍ വീട് വിട്ടിറങ്ങുകയായിരുന്നു.
Content Highlights: Afifa was abducted in front of women’s protection officers; He changed his statement under compulsion in the High Court; Video