| Saturday, 23rd July 2022, 11:55 am

'താലിബാനെ നിരോധിക്കുക'; ട്വിറ്ററില്‍ ക്യാമ്പെയിന്‍ ആരംഭിച്ച് അഫ്ഗാനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: താലിബാനെ നിരോധിക്കണമെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാവുന്നു. അഫ്ഗാനില്‍ നിന്നുള്ളവര്‍ തന്നെയാണ് താലിബാനെ നിരോധിക്കുക (Ban Taliban) എന്ന ഹാഷ്ടാഗിലൂടെ ട്വിറ്ററില്‍ ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്.

നേരത്തെ താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ പേജുകളും കണ്ടന്റുകളും ഫേസ്ബുക്ക് അവരുടെ പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ നിന്നുകൂടി താലിബാനെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

താലിബാനെ നിരോധിക്കുക എന്ന ഹാഷ്ടാഗ് ആഗോളതലത്തില്‍ തന്നെ സെന്‍സേഷനായി മാറിയിട്ടുണ്ട്. പിന്തുണയുമായി ആയിരക്കണക്കിന് ട്വീറ്റുകളാണ് ഇതുവരെ ഈ ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്.

അഫ്ഗാനിസ്ഥാന് പുറമെ പാകിസ്ഥാന്‍, യു.എ.ഇ, ജര്‍മനി, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിലും ട്വിറ്റര്‍ ക്യാമ്പെയിന്‍ ശ്രദ്ധ നേടുന്നുണ്ട്.

പ്രധാനമായും അഫ്ഗാനി മാധ്യമപ്രവര്‍ത്തകരും സിവില്‍ ആക്ടിവിസ്റ്റുകളുമാണ് ട്വിറ്ററില്‍ ഈ ക്യാമ്പെയിന്‍ ആരംഭിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ട്വിറ്ററില്‍ നിന്നും താലിബാന്‍ ബന്ധമുള്ള എല്ലാത്തിനേയും നിരോധിക്കുക എന്നതാണ് ഇവരുടെ ആവശ്യം.

അക്രമത്തിനും വധശിക്ഷക്കും ആഹ്വാനം ചെയ്യുക, ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുക, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് എല്ലാ താലിബാന്‍ അംഗങ്ങള്‍ക്കും ട്വിറ്ററില്‍ വിലക്കേര്‍പ്പെടുത്തണമെന്നാണ് ക്യാമ്പെയിനിലൂടെ ഇവര്‍ ആവശ്യപ്പെടുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു താലിബാന്‍ ബന്ധമുള്ള അഫ്ഗാന്‍ പേജുകള്‍ക്കും കണ്ടന്റുകള്‍ക്കും ഫേസ്ബുക്ക് നിരോധനമേര്‍പ്പെടുത്തിയത്. ആര്‍.ടി.എ ടി.വി ചാനല്‍, ബക്തര്‍ വാര്‍ത്താ ഏജന്‍സി എന്നീ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയായിരുന്നു ഫേസ്ബുക്കില്‍ നിന്നും മെറ്റ നീക്കം ചെയ്തത്.

തീരുമാനത്തെ അഫ്ഗാനിലെ ജനങ്ങള്‍ വലിയ രീതിയില്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലും സമാന ക്യാമ്പെയിന്‍ ആരംഭിച്ചത്.

2021 ഓഗസ്റ്റിലായിരുന്നു അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത്. ഇതോടെ പ്രോ- താലിബാന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ സമൂഹമാധ്യമങ്ങള്‍ അവരുടെ പോളിസികളില്‍ മാറ്റം വരുത്തിയിരുന്നു.

Content Highlight: Afghans launched ‘Ban Taliban’ campaign on Twitter, became trending

We use cookies to give you the best possible experience. Learn more