റസൂലിയുടെ വെടിക്കെട്ട്, തീപ്പൊരി ബൗളിങ്; സിംബാബ്‌വേയെ മലര്‍ത്തിയടിച്ച് അഫ്ഗാനിസ്ഥാന്‍
Sports News
റസൂലിയുടെ വെടിക്കെട്ട്, തീപ്പൊരി ബൗളിങ്; സിംബാബ്‌വേയെ മലര്‍ത്തിയടിച്ച് അഫ്ഗാനിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th December 2024, 8:59 pm

സിംബാബ്‌വേയ്‌ക്കെതിരെയുള്ള രണ്ടാം ടി-20 മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ വിജയം. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വേ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ന്ന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടാനാണ് അഫ്ഗാനിസ്ഥാന് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വേ 17.4 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങില്‍ സമ്മര്‍ദ ഘട്ടത്തില്‍ തുണയായത് നാലാമനായി ഇറങ്ങിയ ദാര്‍വിഷ് റസൂലിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. 42 പന്തില്‍ നിന്നും ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. അഫ്ഗാനിസ്ഥാന് വേണ്ടി ചുരുങ്ങിയ ടി-20യില്‍ മാത്രമേ താരം മത്സരിച്ചിട്ടുള്ളൂ. മാത്രമല്ല ടി-20യില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും കന്നി അര്‍ധ സെഞ്ച്വറിയുമാണിത്.

റസൂലിക്ക് പുറമേ അസ്മത്തുള്ള ഒമര്‍സായി 28 റണ്‍സും ഗുല്‍ബാദിന്‍ നബി 26* റണ്‍സും നേടി മികവ് പുലര്‍ത്തി. സിംബാബ്‌വേക്ക് വേണ്ടി ത്രിവോര്‍ ഗ്വാണ്ടു, റിയാല്‍ ബ്യൂള്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ ബ്ലെസ്സിങ് മുസാരബാനി ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയായിരുന്നു 35 റണ്‍സ് ആണ് താരം നേടിയത്. തരത്തിന് പുറമേ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് 27 റണ്‍സ് നേടി. മറ്റാര്‍ക്കും തന്നെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് നവീന്‍ ഉള്‍ ഹഖ്, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവരായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്. ഇരുവര്‍ക്കും പുറമേ മുജീബ് ഉര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായി, ഫരീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight : Afghanistan Won Against Zimbabwe In Second T-20i