| Monday, 28th October 2024, 9:25 am

അഫ്ഗാന്‍ കൊടുങ്കാറ്റ്; ലങ്കയെ ചാരമാക്കി എമര്‍ജിങ് ഏഷ്യാകപ്പ് കിരീടം തൂക്കി!

സ്പോര്‍ട്സ് ഡെസ്‌ക്

2024 എ.സി.സി എമര്‍ജിങ് ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ എ ടീം. ഏഴ് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം. അല്‍ അമെറാത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക എ ടീം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കിരീടം സ്വന്തമാക്കുകയായിരുന്നു.

അഫ്ഗാന്‍ ഓപ്പണര്‍ സെദ്ദിഖുള്ള അതലിന്റെ പ്രകടനത്തിലാണ് ടീം വിജയത്തിലെത്തിയത്. 55 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. ക്യാപ്റ്റന്‍ ദാര്‍വിഷ് റസൂല്‍ 24 റണ്‍സും കരീം ജന്നത് 33 റണ്‍സും നേടി മികച്ചുനിന്നു.

ഓപ്പണര്‍ സുബൈദ് അക്ബാരി പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ പുറത്താകാതെ ടീമിനെ വിജയത്തിലെത്തിക്കേണ്ട ചുമതല ഏറ്റെടുത്ത സെദ്ദിഖുള്ള പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയത്. മാത്രമല്ല പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരത്തിനാണ്.

ലങ്കയ്ക്ക് വേണ്ടി സഹന്‍ഡ അരച്ഛിഗെ, ദുഷാന്‍ ഹേമന്ദ, ഇഷാന്‍ മലിംഗ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

ശ്രീലങ്കയുടെ ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയത് സഹന്‍ അരച്ഛിഗെയാണ്. 47 പന്തില്‍ ആറ് ഫോറുകള്‍ അടക്കമാണ് താരം 67 റണ്‍സ് നേടിയത്. നിമേഷ് വിമുക്തി 23 റണ്‍സും പവന്‍ രത്‌നയാകെ 20 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

അഫ്ഗാന്‍ ബൗളിങ് നിരയില്‍ ബിലാല്‍ സമി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ അള്ളാഹ് ഗസന്‍ഫര്‍ രണ്ട് വിക്കറ്റുമാണ് നേടിയത്.

2023 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് സീനിയര്‍ ടീം ഇംഗ്ലണ്ടിനെയും വെസ്റ്റ് ഇന്ഡീസിനെയും പാകിസ്ഥാനെയും വരെ പരാജയപ്പെടുത്തി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള സെമിഫൈനല്‍ നോക്ക് ഔട്ടില്‍ പരാജയം ഏറ്റുവാങ്ങിയ കുഞ്ഞന്‍ രാജ്യമെന്ന് പലരും പറഞ്ഞിരുന്ന അഫ്ഗാന്‍ തങ്ങളുടെ വിജയത്തിലേക്കുള്ള ആദ്യ പടി ഉറപ്പിക്കുകയായിരുന്നു.

2024 ടി-20യിലും മികച്ചുനിന്നെങ്കിലും ടീമിന് കപ്പിലെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ അഫ്ഗാന്‍ എ ടീം എമര്‍ജിങ് ഏഷ്യാകപ്പ് സ്വന്തമാക്കി ലോകത്തിന്റെ ശ്രദ്ധ വീണ്ടും പിടിച്ചുപറ്റുകയാണ്.

Content Highlight: Afghanistan Won ACC Emerging Asia Cup

We use cookies to give you the best possible experience. Learn more