അയര്‍ലാന്‍ഡിനെതിരെയുള്ള മൂന്നാം ടി-20യിലും വിജയിച്ച് അഫ്ഗാനിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് ആണ് അഫ്ഗാന്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് 17.2 ഓവറില്‍ 98 റണ്‍സിന് തകരുകയായിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി ഇബ്രാഹിം സദ്രാനാണ് മികച്ച പ്രകടനം നടത്തിയത്. 51 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 72 റണ്‍സ് ആണ് താരം പുറത്താകാതെ നേടിയത്. 141.18 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഐ.പി.എല്‍ താര ലേലത്തില്‍ 50ലക്ഷം അടിസ്ഥാന വിലയില്‍ ആരും താരത്തെ എടുത്തില്ലായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ ആയ റഹ്‌മാനമുള്ള ഗുര്‍ബാസ് ആറ് റണ്‍സിനും സെദിഖുള്ള അടെല്‍ 19 റണ്‍സ് നേടി പുറത്താക്കുകയായിരുന്നു. ശേഷം മുഹമ്മദ് ഇഷാഖ് 22 പന്തില്‍ നിന്ന് 27 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു എന്നാല്‍ ടേല്‍ എന്‍ഡിലേക്ക് ഇജാസ് അഹമ്മദ്‌സയിക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.
അയര്‍ലാന്‍ഡിന്റെ ബോളിങ് നിരയാണ് അമ്പരപ്പിച്ചത്. എറിഞ്ഞ എല്ലാവര്‍ക്കും ഓരോ വിക്കറ്റുകള്‍ വീതം നേടാന്‍ സാധിച്ചു. മാര്‍ക്ക് അഡൈര്‍, ജോഷ്വ ലിറ്റില്‍, ബെറി മെക്കാര്‍ത്തി, ക്യൂട്ടിക്‌സ് കാന്‍ഫര്‍, ഗരേത്ത് ദിലേനി, ബെഞ്ചമിന്‍ വൈറ്റ് എന്നിവര്‍ക്കാണ് വിക്കറ്റ്.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലാന്‍ഡിന് തുടക്കം തന്നെ പിഴക്കുകയായിരുന്നു. ഓപ്പണര്‍മാരായ ആന്‍ഡ്രു ബാല്‍ബിര്‍ണിയും ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ്ങും രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ മൂന്നാമനായി ഇറങ്ങിയ ലോര്‍ക്കന്‍ ടക്കര്‍ റണ്‍സിനാണ് പുറത്തായത്. ടീമിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ക്യൂട്ടിസ് കാന്‍ഫറായിരുന്നു. 23 പന്തില്‍ നിന്ന് 28 റണ്‍സ് ആണ് താരം നേടിയത്. താരത്തിന് പുറമേ ഗരേതത് ഡിലെനി 21 റണ്‍സ് നേടിയിരുന്നു. ടീമിലെ മൂന്നു താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്.
അഫ്ഗാന്‍ ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് അസ്മത്തുള്ള ഒമരസായി ആണ്. നാല് ഓവറില്‍ വെറും 9 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. താരത്തിന് പുറമേ നവീന്‍ മൂന്ന് വിക്കറ്റുകളും ഫസല്‍ഹക്ക് ഫറൂഖി, റാഷിദ് ഖാന്‍, നഗെലായി ഗരോട്ടെ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Afghanistan Win T-20 series Against Ireland