സിംബാബ്‌വേ കൊടുങ്കാറ്റില്‍ ഉലയാതെ അഫ്ഗാനിസ്ഥാന്‍; തകര്‍പ്പന്‍ പ്രകടനവുമായി കരീം ജന്നത്തും നബിയും
Sports News
സിംബാബ്‌വേ കൊടുങ്കാറ്റില്‍ ഉലയാതെ അഫ്ഗാനിസ്ഥാന്‍; തകര്‍പ്പന്‍ പ്രകടനവുമായി കരീം ജന്നത്തും നബിയും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th December 2024, 7:57 pm

അഫ്ഗാനിസ്ഥാനും സിംബാബ്‌വേയും തമ്മിലുള്ള ടി-20 മത്സരം ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടാനാണ് ടീമിന് സാധിച്ചത്. അഫ്ഗാനിസ്ഥാന്റെ മധ്യനിര ബാറ്ററായ കരീം ജന്നത്തിന്റെയും സീനിയര്‍ താരം മുഹമ്മദ് നബിയുടെയും മികച്ച പ്രകടനത്തിലാണ് അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

കരീം 49 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെ 54 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ നബി 27 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടി കൂടാരം കയറി. ആറാം വിക്കറ്റില്‍ 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ഇരുവര്‍ക്കും പുറമേ വണ്‍ ടൗണ്‍ ബാറ്റര്‍ ഹസ്രത്തുള്ള സസായി 20 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

സിംബാബ്‌വേയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് റിച്ചാര്‍ഡ് എന്‍ഗരാവയാണ്. 28 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ ആണ് താരം നേടിയത്. ബ്ലെസിങ് മുസാരബാനി, ത്രിവോര്‍ ഗ്വാണ്ടു, വെല്ലിങ്ടണ്‍ മസാകാഡ്‌സ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേ 12 ഓവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് ആണ് നേടിയത്. ടീമിനുവേണ്ടി മിന്നും പ്രകടനമാണ് ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റും ഡിയോണ്‍ മൈര്‍സും കാഴ്ചവെക്കുന്നത്. നിലവില്‍ ബ്രയാന്‍ 40 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സും ഡിയോണ്‍ 28 പന്തില്‍ നിന്ന് 32 റണ്‍സും നേടിയിട്ടുണ്ട്.

 

Content Highlight: Afghanistan VS Zimbabwe T-20 Match Update