അഫ്ഗാനിസ്ഥാന്റെ ലങ്കന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ആതിഥേയരെ പരാജയപ്പെടുത്തി അഫ്ഗാന്‍ സിംഹങ്ങള്‍ വിജയം സ്വന്തമാക്കിയിരുന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ഇതോടെ 3-0ന് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാമെന്ന ലങ്കന്‍ മോഹങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയേറ്റത്.
മത്സരം അവസാനിച്ചതിന് പിന്നാലെ ഏറെ വിവാദങ്ങളും ഉടലെടുത്തിരുന്നു. അവസാന ഓവറിലെ നാലാം പന്ത് നോ ബോള്‍ വിളിക്കാത്തതുമായി ബന്ധപ്പെട്ട വിവാദമാണ് ചൂടുപിടിക്കുന്നത്. മത്സരത്തില്‍ ലങ്കയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു.
വഫാദര്‍ മുഹമ്മദാണ് അവസാന ഓവര്‍ എറിയാനെത്തിയത്. സ്‌ട്രൈക്കിലുണ്ടായിരുന്നത് കാമിന്ദു മെന്‍ഡിസും. ഓവറിലെ നാലാം പന്ത് ബാറ്ററുടെ അരക്ക് മുകളിലാണ് വന്നതെങ്കിലും ഫീല്‍ഡ് അമ്പയര്‍മാര്‍ അത് നോ ബോള്‍ വിളിച്ചിരുന്നില്ല. പകരം ഹൈ ഫുള്‍ടോസ് എന്ന് വിധിയെഴുതപ്പെട്ട പന്ത് ഡോട്ട് ആയി മാറുകയും ചെയ്തിരുന്നു.
അവസാന ഓവറില്‍ 19 റണ്‍സാണ് ലങ്കക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് ഫോറായപ്പോള്‍ രണ്ടാം പന്ത് ഡോട്ട് ആയി മാറി. മൂന്നാം പന്തിലും നാല് റണ്‍സ് പിറന്നു. വിവാദമായ നാലാം പന്ത് അമ്പയര്‍മാര്‍ ഡോട്ട് എന്ന് വിധിയെഴുതി. അടുത്ത പന്ത് വൈഡും അഞ്ചാം പന്തില്‍ റണ്‍സ് പിറക്കാതിരിക്കുകയും ചെയ്തതോടെ അഫ്ഗാന്‍ വിജയമുറപ്പിച്ചു. അവസാന പന്തില്‍ മെന്‍ഡിസ് സിക്‌സറടിച്ചെങ്കിലും മൂന്ന് റണ്‍സിന് തോല്‍ക്കാനായിരുന്നു ആതിഥേയരുടെ വിധി.
ഈ തോല്‍വിക്ക് പിന്നാലെ അമ്പയര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലങ്കന്‍ നായകന്‍ വാനിന്ദു ഹസരങ്ക. ഇത്തരമൊരു സംഭവം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇത് കാണാന്‍ സാധിച്ചില്ലെങ്കില്‍ അമ്പയര്‍ ഈ ജോലിക്ക് യോഗ്യനല്ലെന്നും ഹസരങ്ക പറഞ്ഞു.
‘ഇത്തരമൊരു സംഭവം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. അത് അരയ്ക്ക് തൊട്ടു മുകളില്‍ ആയിരുന്നെങ്കില്‍ സാരമില്ലായിരുന്നു, എന്നാല്‍ ഇവിടെ അങ്ങനെയല്ല. ഏറെ ഉയരത്തിലാണ് ബോള്‍ വന്നത്. അല്‍പം കൂടി ഉയരത്തിലായിരുന്നെങ്കില്‍ അത് ഉറപ്പായും ബാറ്ററുടെ തലയില്‍ കൊണ്ടേനെ.
നിങ്ങള്‍ക്കത് കാണാന്‍ സാധിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിങ്ങള്‍ അനുയോജ്യനല്ല. നിങ്ങള്‍ മറ്റെന്തെങ്കിലും ജോലി ചെയ്യുന്നതാകും നല്ലത്,’ ഹസരങ്ക പറഞ്ഞു.
‘മുന്‍കാലങ്ങളില്‍ ഇത്തരം തീരുമാനങ്ങളെ നമുക്ക് റിവ്യൂ ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഐ.സി.സി അത് എടുത്തുകളഞ്ഞു. ഞങ്ങളുടെ താരം അത് റിവ്യൂ ചെയ്യാന്‍ ശ്രമിച്ചതാണ്. തേര്‍ഡ് അമ്പയറിന് ഫ്രണ്ട് ഫൂട്ട് നോ ബോള്‍ ചെക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഇതും പരിശോധിക്കാന്‍ സാധിക്കണം. അങ്ങനെ പരിശോധിക്കാതിരിക്കാന്‍ ഒരു കാരണവുമില്ല. ആ സമയത്ത് സ്‌ക്വയര്‍ ലെഗ് അമ്പയറുടെ മനസില്‍ എന്തായിരുന്നു ഉള്ളതെന്നും എനിക്ക് മനസിലാകുന്നില്ല,’ ഹസരങ്ക കൂട്ടിച്ചേര്‍ത്തു.