അഫ്ഗാനിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി ആതിഥേയര്‍. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സാണ് ലങ്ക നേടിയത്.
ഓപ്പണര്‍ പാതും നിസങ്കയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 139 പന്ത് നേരിട്ട് പുറത്താകാതെ 210 റണ്‍സാണ് നിസങ്ക നേടിയത്. 20 ബൗണ്ടറിയും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ടി-20യെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ 151.08 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് നിസങ്ക റണ്ണടിച്ചുകൂട്ടിയത്.
ശ്രീലങ്കയുടെ ചരിത്രത്തിലാണ് നിസങ്കയുടെ ഇന്നിങ്‌സ് ഇടംപിടിച്ചിരിക്കുന്നത്. ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ലങ്കന്‍ താരം എന്ന ഐതിഹാസിക നേട്ടത്തോടെയാണ് നിസങ്ക തകര്‍ത്തടിച്ചത്.
നിസങ്കക്ക് പുറമെ സഹ ഓപ്പണറായ അവിഷ്‌ക ഫെര്‍ണാണ്ടോയും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 182 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
88 പന്ത് നേരിട്ട് 88 റണ്‍സ് നേടിയാണ് ഫെര്‍ണാണ്ടോ പുറത്തായത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം നൂറ് എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഫെര്‍ണാണ്ടോയും അഫ്ഗാന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചത്.
സധീര സമരവിക്രമ 36 പന്തില്‍ 45 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് 31 പന്തില്‍ 16 റണ്‍സും നേടി പുറത്തായി.
അഫ്ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി ഒരു വിക്കറ്റും നേടി.
മറ്റ് അഫ്ഗാന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് നബിക്ക് മുമ്പില്‍ ആ മാന്ത്രികത പുറത്തെടുക്കാന്‍ സാധിച്ചില്ല. പത്ത് ഓവര്‍ പന്തെറിഞ്ഞ നബി 44 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. 4.40 എന്ന മികച്ച എക്കോണമിയാണ് താരത്തിനുണ്ടായിരുന്നത്. മറ്റ് ബൗളര്‍മാരുടെ എക്കോണമി 7.5ന് മുകളിലായിരിക്കവെയാണ് നബി തകര്‍ത്തെറിഞ്ഞത്.
ശ്രീലങ്കയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നാലമാത് സ്‌കോറും കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണിത്.
നേരത്തെ നടന്ന ടെസ്റ്റ് മത്സരത്തില്‍ പത്ത് വിക്കറ്റിന് വിജയിച്ച ലങ്ക ഏകദിന പരമ്പരയും പിന്നാലെയെത്തുന്ന ടി-20 പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
Content Highlight: Afghanistan vs Sri Lanka: Pathum Nisanka hits double century