സെപ്റ്റംബറില്‍ ഗ്രേറ്റര്‍ നോയിഡയിലെ ഷാഹിദ് വിജയ് സിങ് പതിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ന്യൂസിലാന്‍ഡിനെതിരായ ഏക ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ ആതിഥേയത്വം വഹിക്കും. അഫ്ഗാനിസ്ഥാനും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരമാണ് ഇത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനുമായി മത്സരങ്ങള്‍ കളിക്കുന്നതിന് ഓസ്‌ട്രേലിയ മൂന്ന് തവണ വിസമ്മതിച്ചിരുന്നു. ക്രിക്കറ്റില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്ത അഫ്ഗാനിസ്ഥാനോട് തങ്ങള്‍ കളിക്കില്ല എന്നാണ് ഓസ്‌ട്രേലിയയുടെ നിലപാട്.
എന്നാല്‍ ഇക്കാര്യത്തില്‍ ന്യൂസിലാന്‍ഡ് തികച്ചും വ്യത്യസ്തമായാണ് നിലപാട് സ്വീകരിച്ചത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ബ്ലാക്ക് ക്യാപ്‌സിന് മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ ഉണ്ട്. മാത്രമല്ല താലിബാന്‍ ഭരണത്തിന് കീഴില്‍ നാലു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ അഫ്ഗാനിസ്ഥാന്‍ ഒരു ടെസ്റ്റ് ഹോസ്സ്റ്റ് ചെയ്യുന്നത്.
അഫ്ഗാനിസ്ഥാന് വേണ്ടി ഗ്രേറ്റര്‍ നോയിഡ, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളില്‍ ബി.സി.സി.ഐ വേദി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താലിബാന്‍ ഭരണത്തിന് കീഴില്‍ വന്നതോടെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന ബോര്‍ഡ് ബി.സി.സി.ഐ ആണെന്ന് അഫ്ഗാനിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
അതേസമയം 2024 ടി-20 ലോകകപ്പില്‍ മിന്നും പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ കീഴില്‍ ബൗളിങ് യൂണിറ്റും ബാറ്റിങ്ങും യൂണിറ്റും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു. വമ്പന്‍ ടീമുകളായ ന്യൂസിലാന്‍ഡിനേയും ഓസ്‌ട്രേലിയയേയും പരാജയപ്പെടുത്തിയാണ് ടീം ആരാധക ഹൃദയത്തില്‍ കയറിയത്.
Content Highlight: Afghanistan VS New Zealand Test in India