ടി-20 ലോകകപ്പിൽ വീണ്ടും മഴ കളിച്ചു. മെൽബണിൽ ഇന്ന് രാവിലെ നടക്കേണ്ട മത്സരം മഴ മൂലം ഉപേക്ഷിച്ചു. സൂപ്പർ 12ലെ അഫ്ഗാനിസ്ഥാൻ-അയർലൻഡ് മത്സരമാണ് ഉപേക്ഷിച്ചത്.
ശക്തമായ മഴയെ തുടർന്ന് ടോസിടാൻ പോലും സാധിക്കാതെയാണ് മത്സരം റദ്ദാക്കിയത്. ഇരു ടീമുകളും ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
ഇത് രണ്ടാം തവണയാണ് അഫ്ഗാനിസ്ഥാൻറെ മത്സരത്തിൽ മഴ വില്ലനാകുന്നത്. നേരത്തെ ന്യൂസിലൻഡിനെതിരായ പോരാട്ടവും മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
അതേസമയം, കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അയർലൻഡിന് മഴ മൂലം കളി ഉപേക്ഷിച്ചത് വലിയ തിരിച്ചടിയായി.
അഫ്ഗാനെതിരെ ജയിച്ചാൽ സെമി പ്രതീക്ഷകൾ സജീവമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു അയർലൻഡും.
ഗ്രൂപ്പ് എയിലെ ടീമുകളാണ് അയർലൻഡും അഫ്ഗാനിസ്ഥാനും. മൂന്ന് കളികളിൽ നിന്ന് മൂന്ന് പോയിന്റുമായി അയർലൻഡ് ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്താണ്.
മൂന്ന് കളികളിൽ രണ്ട് പോയിന്റാണ് അഫ്ഗാനിസ്ഥാന്റെ നേട്ടം. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അഫ്ഗാൻ ഇപ്പോൾ.
അതേസമയം രണ്ട് കളികളിൽ മൂന്ന് പോയിൻറുമായി ന്യൂസിലൻഡാണ് തലപ്പത്ത്. രണ്ട് കളികളിൽ രണ്ട് പോയിൻറുമായി ശ്രീലങ്ക മൂന്നാമതും രണ്ട് കളികളിൽ പോയിന്റോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തും എത്തിനിൽക്കുമ്പോൾ ആതിഥേയരും ലോക ചാമ്പ്യൻമാരുമായ ഓസ്ട്രേലിയ അവസാന സ്ഥാനത്താണ്.
ഇന്ന് ഉച്ചക്ക് നടക്കുന്ന നിർണായക സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും.
ഇന്നത്തെ മത്സരത്തോടെ ഇരു ടീമുകളുടെയും സെമി സാധ്യതകൾ ധാരണയിലാകും. അതേസമയം ഈ മത്സരവും മെൽബണിലാണ് നടക്കുന്നെന്നതിനാൽ മഴ ഭീഷണിയാകും.
അയർലൻഡിനോടേറ്റ തോൽവിയാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെങ്കിൽ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിൽ നിന്നേറ്റ പ്രഹരമാണ് ഓസ്ട്രേലിയയെ വലക്കുന്നത്.
രണ്ടാം മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് തിരിച്ചുവന്നെങ്കിലും ലോകചാമ്പ്യൻമാർക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ഓസീസിന് ഇതുവരെ ആയിട്ടില്ല.
content highlights: Afghanistan Vs Ireland match abandoned by rain in T20 world cup