| Tuesday, 17th August 2021, 5:19 pm

മുസ്‌ലിം പെണ്‍കുട്ടികള്‍ സംസാരിക്കാത്തതെന്ത്

ഫാറൂഖ്

നിങ്ങള്‍ക്കറിയാവുന്ന ഒറ്റക്ക് ജീവിക്കുന്ന ഒരു സ്ത്രീയെ സങ്കല്‍പ്പിക്കുക. സിംഗിള്‍ വുമണ്‍ എന്ന ഇംഗ്ലീഷ് വാക്കിന് കൃത്യമായ മലയാളം അറിയാത്തത് കൊണ്ട് ഒറ്റക്ക് ജീവിക്കുന്ന സ്ത്രീ എന്ന് പറഞ്ഞതാണ്. സത്യത്തില്‍ അവര്‍ ഒറ്റക്കല്ല, അവര്‍ക്ക് ചെറിയ കുട്ടികളുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചതോ, മരിച്ചതോ, വിവാഹ മോചിതയൊ ഒക്കെയാവാം.

അവര്‍ ബുദ്ധിമുട്ടിയാണെങ്കിലും ഒരു ജോലി ചെയ്തു ജീവിക്കുകയാണ്. കൂടുംബശ്രീയിലോ, ഇന്‍ഷുറന്‍സ് ഏജന്റ് ആയിട്ടോ, സര്‍ക്കാര്‍ ജോലിയോ അങ്ങനെ എന്തെങ്കിലും. മക്കള്‍ സ്‌കൂളില്‍ പോകുന്നുണ്ട്, എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാനും പറ്റുന്നുണ്ട്. ഒത്തും ഒപ്പിച്ചും ഉള്ള ജീവിതം.

പെട്ടെന്നൊരു ദിവസം അവര്‍ ജീവിക്കുന്ന സ്ഥലം താലിബാന്‍ പിടിച്ചടക്കുന്നു. സ്ത്രീകള്‍ക്കായി പുതിയ കുറെ നിയമങ്ങള്‍ വരുന്നു. സ്ത്രീകള്‍ ജോലി ചെയ്യാന്‍ പാടില്ല, പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പാടില്ല, സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല, മുഖം മറക്കണം അങ്ങനെയങ്ങനെ.

നിങ്ങളുടെ സുഹൃത്തിന് അന്ന് മുതല്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയുടെ സ്‌കൂള്‍ പഠിത്തവും നിന്നു. അവര്‍ പിന്നെയെങ്ങനെ ജീവിക്കും. 1996 ല്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചപ്പോള്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് സത്യത്തില്‍ സംഭവിച്ചതാണത്. സങ്കല്പത്തിലല്ല, സ്വപ്നത്തിലുമല്ല, ഭീതിതമായ ജീവിതത്തില്‍.

താലിബാന്‍ ഉത്തരവ് ഇറങ്ങിയതിന്റെ പിറ്റേന്ന് മുതല്‍, ജോലി ചെയ്തു കുടുംബം നോക്കിയിരുന്ന സ്ത്രീകളൊക്കെ വീട്ടിനകത്തായി. പുറത്തിറങ്ങിയാല്‍ ചൂരലും കുറുവടിയും തോക്കുമൊക്കെയായി റോഡില്‍ കറങ്ങുന്ന താലിബാനികള്‍ അടിച്ചു വീട്ടിലേക്കോടിക്കും. അന്ന് വരെ മുഖം വെളിയില്‍ കാണിച്ചു നടന്ന സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പമായാല്‍ പോലും പുറത്തിറങ്ങിയാല്‍ മുഖം മറച്ചില്ലെങ്കില്‍ അടി അല്ലെങ്കില്‍ മുഖത്തു തുപ്പല്‍. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കി. ആണുങ്ങളില്ലാത്ത വീടുകളില്‍ കൊടും പട്ടിണി.

ലക്ഷക്കണക്കിന് അഫ്ഗാന്‍ സ്ത്രീകള്‍ക്ക് തെരുവിലിറങ്ങല്‍ മാത്രമായി രക്ഷ. പ്രതിഷേധിക്കാനും മുദ്രാവാക്യം വിളിക്കാനും ഒന്നുമല്ല, ഭിക്ഷ യാചിക്കാന്‍. കാബൂളിലെ തെരുവുകളില്‍, പള്ളികളുടെ പുറത്തു, കവലകളില്‍ അതുവരെ ഇല്ലാത്ത ഒരു കാഴ്ച തുടങ്ങുകയായി. കട്ടി തുണി കൊണ്ട് മുഖം മറച്ച സ്ത്രീകള്‍ കൊച്ചു കുട്ടികളുടെ കയ്യും പിടിച്ചു ഭിക്ഷ യാചിക്കുന്ന ദയനീയ കാഴ്ച. തലേന്ന് വരെ അഭിമാനത്തോടെ ജോലി ചെയ്തു ജീവിച്ചവര്‍ വിശപ്പു സഹിക്കാനാകാതെ മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടുന്ന കാഴ്ച.

ഭിക്ഷ യാചിക്കാന്‍ തയ്യാറാവാത്തവര്‍ക്ക് മറ്റൊരു വഴിയുണ്ടായിരുന്നു. കുട്ടികളെയും കൊണ്ട് പട്ടിണി കിടക്കുന്ന അവരെ തേടി താലിബാനികള്‍ വീട്ടിലെത്തും, കല്യാണം കഴിക്കാന്‍. മൂന്നും നാലും കല്യാണം കഴിക്കാന്‍ നിയമപരമായി തന്നെ അനുവാദമുണ്ടായിരുന്ന താലിബാനികള്‍ പട്ടിണി കിടക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും അന്വേഷിച്ചു വീട് വീടാന്തരം കയറിയിറങ്ങി. പല സ്ത്രീകളും ഇവരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരായി. ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ സെക്‌സ്- സ്ലേവ്‌സ്, ലൈംഗിക അടിമകള്‍. പത്തും പതിമൂന്നും വയസ്സുള്ള കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെയുള്ളവര്‍ ഇങ്ങനെ ലൈംഗിക അടിമകളായി മാറി.

ഭിക്ഷ യാചിക്കാനോ ലൈംഗിക അടിമകളാകാനോ തയ്യാറാവാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ മുന്‍പില്‍ ഒരു വഴിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. പലായനം. പാകിസ്താനിലെ പെഷവാറില്‍ നരകതുല്യമായ അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തുക എന്നതായി അഫ്ഗാന്‍ സ്ത്രീകളുടെ സ്വപ്നം, ദുരിതമാണെങ്കിലും അവിടെ ഒരു നേരമെങ്കിലും ഭക്ഷണം കിട്ടും. യൂണിവേഴ്‌സിറ്റി പ്രൊഫെസ്സര്‍മാര്‍, സര്‍ക്കാരില്‍ ഉന്നത സ്ഥാനം ഉണ്ടായിരുന്നവര്‍, പലതരം ബിസിനസ്സും ജോലിയും ചെയ്തിരുന്നവരൊക്കെ ഭിക്ഷ യാചിക്കാനോ ലൈംഗിക അടിമകളാകാനോ തയ്യാറാവാത്തതിന്റെ പേരില്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി പലായനം ചെയ്യാന്‍ നോക്കി. അവിടെയും താലിബാനികളെത്തി.

താലിബാന്‍ നിയമ പ്രകാരം സ്ത്രീകള്‍ക്ക് സ്വന്തമായി യാത്ര ചെയ്യാന്‍ കഴിയില്ല. യാത്ര ചെയ്യണമെങ്കില്‍ ഒരു പുരുഷന്‍ കൂടെ വേണം. അച്ഛന്‍, ആങ്ങള, ഭര്‍ത്താവ് അല്ലെങ്കില്‍ പ്രായപൂര്‍ത്തിയായ മകന്‍. പെഷാവറിലേക്കു പോകുന്ന ബസ്സുകളില്‍ നിന്നും ട്രാക്കുകളില്‍ നിന്നുമൊക്കെ ആണുങ്ങള്‍ കൂടെയില്ലാത്ത സ്ത്രീകളെ താലിബാനികള്‍ പിടിച്ചു കൊണ്ട് പോകും.

പിടിച്ചു കൊണ്ട് പോയാല്‍ പിന്നീട് ലൈംഗിക അടിമത്വം. അതൊഴിവാക്കാന്‍ സഹോദരനായോ ഭര്‍ത്താവായോ ഒക്കെ അഭിനയിക്കാന്‍ ഈ സ്ത്രീകള്‍ ഏതെങ്കിലും പുരുഷന് കാശ് കൊടുക്കും. പിടിക്കപ്പെട്ടാല്‍, അഥവാ വേറൊരു പുരുഷന്റെ കൂടെ സ്ത്രീയെ കണ്ടാല്‍, താലിബാന്‍കാര്‍ വ്യഭിചാരത്തിന് കേസെടുക്കും.

വ്യഭിചാരത്തിന് പിടിക്കപ്പെട്ടാല്‍ കാബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കൊണ്ട് പോയി നൂറു കണക്കിനാളുകള്‍ കാണ്‍കെ കല്ലെറിഞ്ഞു കൊല്ലും. താലിബാന്‍ ഭരിച്ച അഞ്ചു വര്‍ഷത്തില്‍ ആയിരക്കണക്കിന് സ്ത്രീകളെയാണ് ഇങ്ങനെ വ്യഭിചാരത്തിന് കല്ലെറിഞ്ഞും തല വെട്ടിയും കൊന്നത്.

വ്യഭിചാരത്തിന് മിക്കവാറും സ്ത്രീകള്‍ മാത്രമേ ശിക്ഷയ്ക്കപ്പെടൂ. സ്ത്രീകളുടെ സാക്ഷ്യത്തിന് പകുതി വിലയെ ഉള്ളൂ, എന്ന് മാത്രമല്ല, തെളിവുകള്‍ മുഴുവന്‍ ഇപ്പോഴും സ്ത്രീകള്‍ക്കെതിരായിരിക്കും. അപ്പീലുമില്ല.

‘ആയിരം തേജസ്സുറ്റ സൂര്യന്മാര്‍’ എന്ന പുസ്തകത്തില്‍ അഫ്ഗാനി നോവലിസ്റ്റ് ഖാലിദ് ഹുസ്സൈനി പറയുന്നുണ്ട് ‘ഒരു വടക്കു നോക്കി യന്ത്രത്തിന്റെ സൂചി എപ്പോഴും വടക്കോട്ടു ചൂണ്ടി നില്‍ക്കുന്നത് പോലെ കുറ്റവാളിയെ തേടുന്ന പുരുഷന്റെ വിരല്‍ എപ്പോഴും സ്ത്രീകളുടെ നേരെയായിരിക്കും ചൂണ്ടുക’.

ഭര്‍ത്താവുള്ള സ്ത്രീകളുടെ കാര്യവും വലിയ വ്യത്യാസമില്ല. ഭര്‍ത്താവ് താലിബാനിയാണെങ്കിലും വേറെ കല്യാണം കഴിച്ചിട്ടുണ്ടെങ്കിലും പീഡകനാണെങ്കിലുമൊക്കെ സഹിച്ചു ജീവിച്ചോളണം. ഭാര്യക്ക് ഭര്‍ത്താവിനെ ഒഴിവാക്കാമെന്നുണ്ടെങ്കിലും താലിബാനികള്‍ സമ്മതിക്കില്ല. അഥവാ സമ്മതിച്ചാലും അവര്‍ക്ക് സ്വന്തമായി ജോലി ചെയ്യാനോ യാത്ര ചെയ്യാനോ കഴിയില്ല. പട്ടിണി ഒഴിവാക്കാന്‍ മറ്റൊരു താലിബാനിയെ വിവാഹം ചെയ്യണം. എങ്ങനെ നോക്കിയാലും ലൈംഗിക അടിമത്വം.

പെണ്‍കുട്ടികള്‍ക്ക് പത്തോ പതിനൊന്നോ വയസ്സാകുമ്പോള്‍ താലിബാനികള്‍ ആലോചന തുടങ്ങും. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത, നല്ല ഭക്ഷണം കഴിക്കാനില്ലാത്ത പെണ്‍കുട്ടിയാണ്, താലിബാനിയുടെ ലൈംഗിക അടിമയാകാനാണ് വിധി.

നമ്മുടെ പെണ്‍കുട്ടികള്‍

രണ്ടു മൂന്ന് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അഫ്ഗാന്‍ പ്രശ്‌നം അരങ്ങു തകര്‍ക്കുന്നുണ്ട്. താലിബാനെ അപലപിക്കുന്നവരുണ്ട്, അനുകൂലിക്കുന്നവരുണ്ട്, എതിര്‍ക്കുന്ന പോലെ അനുകൂലിക്കുന്നവരുണ്ട്, അനുകൂലിക്കുന്ന പോലെ എതിര്‍ക്കുന്നവരുമുണ്ട്. മുഴുവന്‍ ആണുങ്ങള്‍. വിരലിലെണ്ണാവുന്നത്ര സ്ത്രീകള്‍ അവിടെയിവിടെയായി ഇല്ലെന്നല്ല. അഫ്ഗാനിലെ ലക്ഷക്കണക്കിന് സ്ത്രീകള്‍ ഒന്നുകില്‍ ഭിക്ഷാടകര്‍, അല്ലെങ്കില്‍ ലൈംഗിക അടിമകള്‍ ആകാന്‍ പോകുകയാണ്. എന്തുകൊണ്ടായിരിക്കും നമ്മുടെ പെണ്‍കുട്ടികള്‍ നിസ്സംഗരായി നോക്കി നില്‍ക്കുന്നത്.

ഫാറൂഖ് എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം

മുമ്പൊക്കെ ഒരു പ്രതിഷേധമോ പ്രകടനമോ ഒക്കെ നടത്തണമെങ്കില്‍ വീട് വിട്ട് പുറത്തു പോകണമായിരിന്നു. മിക്കവാറും വീടുകളില്‍ പെണ്‍കുട്ടികളെ അതിനൊന്നും അനുവദിക്കാറില്ലായിരുന്നു. ഇന്ന് പക്ഷെ ഇന്‍സ്റ്റാഗ്രാമില്‍, ഫേസ്ബുക്കില്‍, ട്വിറ്ററില്‍ ഒക്കെ ഒരു പോസ്റ്റ് ഇട്ടാല്‍ മതിയാകും. ഒരു ഹാഷ്ടാഗ്, ഒരു പ്രൊഫൈല്‍ പിക്ചര്‍ ചേഞ്ച് ഒക്കെ വലിയ തരംഗം ഉണ്ടാക്കും ലോകം മുഴുവന്‍. ലോകം ശ്രദ്ധിക്കും.

എല്ലാ പെണ്‍കുട്ടികള്‍ക്കും മൊബൈല്‍ ഫോണുണ്ട്. അവര്‍ അത് ആണ്കുട്ടികളേക്കാള്‍ നന്നായി ഉപയോഗിക്കുന്നുമുണ്ട്. ടിക്ടോകിലും, ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ആണ്‍ കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ്, പ്രത്യേകിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍. കുക്കറി ഷോകളിലൊക്കെ പെണ്‍കുട്ടികളുടെ ആധിപത്യമാണ്.

ആണുങ്ങള്‍ വലിയ വലിയ കാര്യങ്ങള്‍ പറയും. അഫ്ഗാന്റെ ആയിരം കൊല്ലത്തെ ചരിത്രമൊക്കെ വച്ച് നെടുനെടുങ്കന്‍ ലേഖനങ്ങളെഴുതും. ചരിത്രവും രാഷ്ട്രീയവും മതവുമൊക്കെ വിശകലനം ചെയ്യും. കുത്തിത്തിരിപ്പുണ്ടാക്കും. ട്രോളുണ്ടാക്കും. പക്ഷെ ആണുങ്ങള്‍ക്ക് അഫ്ഗാനില്‍ ഒന്നും നഷ്ടപ്പെടാനില്ല. അവര്‍ക്ക് പുറത്തു പോവാം, ജോലി ചെയ്യാം, അവരെ ആരും ലൈംഗിക അടിമകളാക്കില്ല, കല്ലെറിഞ്ഞു കൊല്ലില്ല. പുതുതായി താടി നീട്ടുന്നതിന്റെ ചെറിയൊരു അസ്വസ്ഥതയും ചൊറിച്ചിലുമാണ് ആണുങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ആകെ ദുരിതം. അത് കൊണ്ട് തന്നെ പുരുഷന്മാരുടെ പ്രതിഷേധത്തിന് അത്രയേ ആത്മാര്‍ത്ഥത കാണൂ. അതാണ് ലോകം അത്തരം പ്രതിഷേധങ്ങളെ അവഗണിക്കുന്നത്.

ലോകം മുഴുവനുമുള്ള സ്ത്രീകള്‍ പ്രതിഷേധിക്കണം. ഏതൊക്കെ വേദികളില്‍ പറ്റുമോ അവിടെയൊക്കെ. കരയുന്ന കുട്ടിക്കെ പാലുള്ളൂ.

സ്ത്രീകളെ ജോലി ചെയ്യാന്‍ സമ്മതിക്കാത്ത, പെണ്‍കുട്ടികളെ സ്‌കൂളിലയക്കുന്നത് വിലക്കുന്ന, ലൈംഗിക അടിമത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍ നടത്തുന്ന ഭരണത്തിന് എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും ലെജിറ്റിമസി ഇല്ല. അത് നശിപ്പിക്കപ്പെടണം. ഇന്ത്യയും അമേരിക്കയും ബ്രിട്ടനും ഐക്യരാഷ്ട്ര സഭയുമൊക്കെ അതിന് മുന്‍കൈയെടുക്കണം. അവര്‍ മുന്‍കയ്യെടുക്കണമെങ്കില്‍ ലോകമെങ്ങുമുള്ള സ്ത്രീകള്‍ അഫ്ഗാനിലെ സ്ത്രീകള്‍ക്ക് വേണ്ടി ഒച്ചവെക്കണം.

എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത് ?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Afghanistan-Taliban Crisis  Farook Writes

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more