| Thursday, 14th March 2024, 8:22 pm

അഫ്ഗാനിസ്ഥാന്‍ സ്പിന്‍ മാന്ത്രികന്‍ ടീമില്‍ തിരിച്ചെത്തി; അയര്‍ലാന്‍ഡിനെതിരായ പരമ്പര കഴിഞ്ഞാല്‍ പിന്നെ ഐ.പി.എല്‍

സ്പോര്‍ട്സ് ഡെസ്‌ക്

അയര്‍ലാന്‍ഡിനെതിരായ അഫ്ഗാനിസ്ഥാന്റെ മൂന്ന് ടി-20 മത്സര പരമ്പര നാളെ തുടങ്ങുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടി-20 മാര്‍ച്ച് 17നും അവസാന ടി-20 മാര്‍ച്ച് 18നും ഷാര്‍ജയില്‍ നടക്കും. ഇതോടെ പരമ്പരക്കുള്ള ടീമിനേയും അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇരുവരും തമ്മിലുള്ള മൂന്ന് ഏകദിന മത്സരത്തില്‍ 2-0 ന് അഫ്ഗാനിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയിരുന്നു. ഒരു മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

പരമ്പരയുടെ മറ്റൊരു പ്രത്യേകത അഫ്ഗാനിസ്ഥാന്റെ സ്പിന്നറും ക്യാപ്റ്റനുമായ റാഷിദ് ഖാന്‍ ടീമില്‍ തിരിച്ചെത്തിയതാണ്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന റാഷിദ് ഗംഭീര തിരിച്ചുവരവ് നടത്തും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2023 ഇന്ത്യയില്‍ നടന്ന ഐ.സി.സിയുടെ ഏകദിന ലോകകപ്പില്‍ ആണ് റാഷിദ് ഖാന്‍ അവസാനമായി കളിച്ചത്.

ലോകകപ്പിന് ശേഷം നടുവേദനയെ തുടര്‍ന്ന് താരം കളിച്ചിട്ടില്ലായിരുന്നു. എന്നിരുന്നാലും പുനരധിവാസ കാലയളവില്‍ റാഷിദ് ഖാന്‍ അഫ്ഗാനിസ്ഥാന്‍ ടീമിനോടൊപ്പം യാത്ര ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയുമായി മൂന്ന് ടി-20 മത്സരങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹത്തിന് പരിക്കു മൂലം മാറി നില്‍ക്കേണ്ടി വന്നു. എന്നാല്‍ നിലവില്‍ റാഷിദ് ഖാനെ കൂടാതെ മുജീബ് ഉര്‍ റഹ്‌മാനും പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

അയര്‍ലാന്‍ഡിനെതിരായ പരമ്പരക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ഐ.പി.എല്ലില്‍ പങ്കെടുക്കുന്നതിനായി താരം ഗുജറാത്ത് ടൈറ്റന്‍സി നോടൊപ്പം ചേരും.

അയര്‍ലാന്‍ഡിനെതിരായ അഫ്ഗാന്‍ ടീം : റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), ഇബ്രാഹിം സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖ് അടല്‍, ഇജാസ് അഹമ്മദ്സായി, ഇഷാഖ് റഹിമി (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നബി, നംഗ്യാല്‍ ഖരോതായ്, അസ്മത് ഉമര്‍സി, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്‌മാന്‍, വഫാദര്‍ മൊമന്ദ്, ഫരീദ് മാലിക്, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ ഹഖ് ഫാറൂഖി

Content highlight: Afghanistan Squad Announce Against Ireland

We use cookies to give you the best possible experience. Learn more