| Sunday, 15th October 2023, 7:25 pm

അഞ്ച് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഒന്നാമതെത്തിയേനെ; ചാമ്പ്യന്‍മാരെ അട്ടിമറിക്കാന്‍ അഫ്ഗാനിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇരുടീമിന്റെയും മൂന്നാം മത്സരം അരങ്ങേറുന്നത്.

2023 ലോകകപ്പിലെ രണ്ടാം ജയം തേടി ഇംഗ്ലണ്ട് ഇറങ്ങിയപ്പോള്‍ ആദ്യ വിജയം മോഹിച്ചാണ് അഫ്ഗാന്‍ സിംഹങ്ങള്‍ ദല്‍ഹിയുടെ മൈതാനത്തേക്കിറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

വളരെ മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന് ലഭിച്ചത്. ടീമിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെട്ട റഹ്‌മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ടില്‍ ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നു. ഇബ്രാഹിം സദ്രാനൊപ്പം ചേര്‍ന്ന് 114 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഗുര്‍ബാസ് സ്വന്തമാക്കിയത്. സദ്രാനെ ഒരു വശത്ത് നിര്‍ത്തി ഗുര്‍ബാസ് അഞ്ഞടിക്കുകയായിരുന്നു.

ടീം സ്‌കോര്‍ 114ല്‍ നില്‍ക്കവെ സദ്രാനെ പുറത്താക്കി ആദില്‍ റഷീദാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ റഹ്‌മത് ഷാ എട്ട് പന്തില്‍ മൂന്ന് റണ്‍സിന് പുറത്തായി. 19ാം ഓവറിലെ നാലാം പന്തില്‍ ആദില്‍ റഷീദ് തന്നെയാണ് ഷായെ പുറത്താക്കിയത്.

തൊട്ടടുത്ത പന്തില്‍ ഗുര്‍ബാസ് റണ്‍ ഔട്ടായി മടങ്ങി. 57 പന്തില്‍ എട്ട് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 80 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടി.

മധ്യനിരയില്‍ ഇക്രം അലിഖില്‍ അര്‍ധ സെഞ്ച്വറിയടിച്ച് സ്‌കോറിങ്ങില്‍ നിര്‍ണായകമായി. 66 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറുമായി 58 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ 49.5 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ 284 റണ്‍സിന് ഓള്‍ ഔട്ടായി.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക് വുഡ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ലിയാം ലിവിങ്‌സ്റ്റണ്‍, ജോ റൂട്ട്, റീസ് ടോപ്‌ലി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ പ്രകടനത്തിന് പിന്നാലെ സ്വന്തം റെക്കോഡ് തിരുത്താനും അഫ്ഗാനിസ്ഥാനായി. ലോകകപ്പില്‍ ടീം നേടുന്ന ഏറ്റവും മികച്ച രണ്ടാമത് ടോട്ടല്‍ എന്ന നേട്ടമാണ് അഫ്ഗാന്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്.

ഒക്ടോബര്‍ 11ന് ഇന്ത്യക്കെതിരെ നേടിയ 272 റണ്‍സിന്റെ ടോട്ടലായിരുന്നു നേരത്തെ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഈ റെക്കോഡാണ് ദല്‍ഹിയില്‍ അഫ്ഗാന്‍ തകര്‍ത്തത്.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ മികച്ച ടോട്ടലുകള്‍

(റണ്‍സ് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

288 – വെസ്റ്റ് ഇന്‍ഡീസ് – ലീഡ്‌സ് – 2019

284 – ഇംഗ്ലണ്ട് – ദല്‍ഹി – 2023

272 – ഇന്ത്യ -ദല്‍ഹി – 2023

247 – ഇംഗ്ലണ്ട് – മാഞ്ചസ്റ്റര്‍ – 2019

അതേസമയം, അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 12 ഓവറില്‍ 66 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയുടെയും 17 പന്തില്‍ 11 റണ്‍സടിച്ച ജോ റൂട്ടിന്റെയും വിക്കറ്റാണ് ത്രീ ലയണ്‍സിന് നഷ്ടമായത്.

37 പന്തില്‍ 31 റണ്‍സുമായി ഡേവിഡ് മലനും 14 പന്തില്‍ 11 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍.

Content Highlight: Afghanistan scored their second best total in World Cup

We use cookies to give you the best possible experience. Learn more