ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്രിസ്തുമസിന് പിറ്റേ ദിവസമായ ബോക്‌സിങ് ഡേയിലാണ് മത്സരം അരങ്ങേറുന്നത്. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
ബോക്‌സിങ് ഡേയില്‍ ലോകത്തിന്റെ രണ്ട് കോണുകളിലായി മറ്റ് രണ്ട് ടെസ്റ്റ് മത്സരങ്ങളും അരങ്ങേറുന്നുണ്ട്. പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റും അഫ്ഗാനിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലെ ആദ്യ ടെസ്റ്റുമാണ് ബോക്‌സിങ് ഡേ ആയ ഡിസംബര്‍ 26ന് നടക്കുന്നത്.
പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക മത്സരത്തിന് സെഞ്ചൂറിയന്‍ വേദിയാകുമ്പോള്‍ ബുലവായോയിലാണ് ആണ് സിംബാബ്‌വേ – അഫ്ഗാനിസ്ഥാന്‍ മത്സരം അരങ്ങേറുന്നത്.
പര്യടനത്തിലെ ഏകദിന പരമ്പരയും ടി-20 പരമ്പരയും വിജയിച്ച അഫ്ഗാനിസ്ഥാന്‍ ഷെവ്‌റോണ്‍സിന് മേല്‍ സമ്പൂര്‍ണ ആധിപത്യം ലക്ഷ്യമിട്ടാണ് രണ്ട് വണ്‍ ഓഫ് ടെസ്റ്റുകള്‍ക്കൊരുങ്ങുന്നത്.
എന്നാല്‍ ബോക്‌സിങ് ഡേയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ടീമിനൊപ്പമുണ്ടാകില്ല എന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരെ നിരാശരാക്കുന്നത്. അഫ്ഗാന്‍ ഒഫീഷ്യലിന്റെ വാക്കുകളെ ഉദ്ധരിച്ച് ക്രിക്ബസ്സ് ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നുമുണ്ട്.
വ്യക്തിപരമായ കാരണങ്ങളാലാണ് താരം വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ മത്സരത്തില്‍ ടീമിനൊപ്പമില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ താരം തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി രണ്ട് മുതല്‍ ആറ് വരെയാണ് രണ്ടാം വണ്‍ ഓഫ് ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബുലവായോയിലെ ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തന്നെയാണ് വേദി.