World News
അഫ്ഗാനില്‍ പാക് സേന നടത്തിയ റോക്കറ്റാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടു; മുന്നറിയിപ്പ് നല്‍കി താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 17, 02:28 am
Sunday, 17th April 2022, 7:58 am

കാബൂള്‍: പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ അതിര്‍ത്തിക്ക് സമീപം നടത്തിയ റോക്കറ്റാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി താലിബാന്‍ സര്‍ക്കാര്‍.

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ റോക്കറ്റാക്രമണത്തില്‍ അഞ്ച് കുട്ടികളും ഒരു സ്ത്രീയുമായിരുന്നു കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍ രംഗത്തെത്തിയത്.

”കുനാറിലെ ഷെല്‍ട്ടന്‍ ജില്ലക്ക് നേരെയുണ്ടാ പാകിസ്ഥാനി റോക്കറ്റാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു,” താലിബാന്‍ വക്താവ് അറിയിച്ചു.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യാ പ്രദേശമാണ് കുനാര്‍. അതിര്‍ത്തിക്ക് സമീപമുള്ള ഖോസ്റ്റ് പ്രവിശ്യയിലും ഇത്തരത്തില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

”ഖോസ്റ്റ് പ്രവിശ്യയിലെ നാല് ഗ്രാമങ്ങള്‍ക്ക് മേല്‍ പാകിസ്ഥാന്‍ സേന ഹെലികോപ്റ്റര്‍ വഴി ബോംബാക്രമണം നടത്തി,” താലിബാന്‍ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതായി ടി.ആര്‍.ടി. വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൂചുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ആക്രമണത്തെത്തുടര്‍ന്ന് കാബൂളിലെ പാകിസ്ഥാന്‍ അംബാസിഡറെ താലിബാന്‍ സര്‍ക്കാര്‍ വിളിപ്പിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

”ഇത് ക്രൂരതയാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ശത്രുതക്കാണ് ഇത് വഴിവെക്കുക. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അത് രണ്ട് കൂട്ടര്‍ക്കും നല്ലതിനായിരിക്കില്ല, എന്നാണ് പാകിസ്ഥാന്‍ മനസിലാക്കേണ്ടത്.

അത് പ്രദേശത്തെ അസ്ഥിരതക്ക് മാത്രമേ വഴിവെക്കൂ,” പാകിസ്ഥാന് നല്‍കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി.

എന്നാല്‍ സംഭവത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല.

Content Highlight: Afghanistan’s Taliban gov warn Pakistan after rocket attack from Pak side