കാബൂള്‍: ഒരാഴ്ചക്കകം നാലിലൊന്ന് പ്രവിശ്യകള്‍ താലിബാന്‍ കിഴടക്കിയതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ താത്കാലിക ധനമന്ത്രി കാലിദ് പയേന്‍ണ്ട സ്ഥാനമൊഴിഞ്ഞു. ഇദ്ദേഹം രാജ്യവിട്ടതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ നിര്‍ണായക ഇറക്കുമതി-കയറ്റുമതി മേഖലകള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ധനമന്ത്രി രാജ്യം വിട്ടത്. നിലവില്‍ രാജ്യത്തിന്റെ വരുമാനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
നിലവില്‍ കടുത്ത സാമ്പത്തിക തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന അഫ്ഗാന്‍ സര്‍ക്കാരിന് താലിബാനെതിരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തിന്റെ വരുമാനം താലിബാന്‍ കയ്യടക്കിയതാണ് മന്ത്രി രാജ്യം വിടാന്‍ കാരണമെന്ന് ധനകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് റാഫി പറഞ്ഞു.
ഫൈസാബാദ്, ഫറാഹ്, പുല്‍-ഇ-കുംറി, സാര്‍-ഇ-പുല്‍, ശേഭര്‍ഖന്‍, അയബക്ക്,കുന്ദൂസ്, തലുക്കാന്‍, സരന്‍ജ് എന്നി 9 പ്രവിശ്യകളാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ താലിബാന്‍ കീഴടക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 47ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പ്രവേശിപ്പിച്ചിരിക്കുന്ന കാണ്ഡഹാറിലെ മിര്‍വൈസ് ആശുപത്രിയ്ക്ക് നേരെയും താലിബാന്‍ ആക്രമണം തുടരുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്. തന്ത്രപ്രധാന മേഖലകളെല്ലാം താലിബാന്‍ പിടിച്ചടക്കിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ 6 പ്രവിശ്യകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
അതേസമയം ശക്തമായ ചെറുത്തുനില്‍പ്പാണ് താലിബാനെതിരെ തങ്ങള്‍ നടത്തുന്നതെന്ന് അഫ്ഗാന്‍ സൈനിക നേതാക്കളും പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണത്തില്‍ 500ലധികം ഭീകരരെ വധിച്ചുവെന്ന് സൈന്യം പറഞ്ഞു.
അഫ്ഗാനിലെ തന്ത്രപ്രധാന പ്രവിശ്യയാ കുന്ദൂസും താലിബാന്‍ കഴിഞ്ഞ ദിവസം നിയന്ത്രണത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് ഇവിടെ നിന്ന് കൂട്ടപ്പലായനം ചെയ്തത്.
കുഞ്ഞുങ്ങളും ഗര്‍ഭിണികളും അടങ്ങുന്ന നൂറുക്കണക്കിന് കുടുംബങ്ങളാണ് ഈ പ്രദേശത്ത് നിന്നും പലായനം ചെയ്തത്. 300 കിലോമീറ്റര്‍ അകലെയുള്ള കാബൂളിലേക്കാണ് മിക്ക കുടുംബങ്ങളും കൂട്ടത്തോടെ എത്തിയത്.