| Friday, 3rd November 2023, 10:35 pm

വിജയത്തേക്കാള്‍ മധുരം; ചരിത്രത്തിലാദ്യം, ചാമ്പ്യന്‍സ് ട്രോഫിക്കായി പുതിയ പോരാട്ടം ഇവിടെ ആരംഭിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2025ല്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാന്‍. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ഇറങ്ങുന്നത്.

2023 ലോകകപ്പിലെ 34ാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ബെര്‍ത് ഉറപ്പിച്ചത്.

ഈ ലോകകപ്പിന്റെ പോയിന്റ് പട്ടികയിലെ മികച്ച ഏഴ് ടീമുകള്‍ക്കാണ് 2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള യോഗ്യത ലഭിക്കുന്നത്. ആതിഥേയ രാജ്യമായതിനാല്‍ പാകിസ്ഥാന്‍ നേരിട്ട് യോഗ്യത നേടിയതിനാലാണ് ഏഴ് ടീമുകള്‍ തങ്ങളുടെ സ്ഥാനത്തിനായി പോരാടുന്നത്.

നിലവില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉള്‍പ്പെടെ ആറ് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യ, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് ഇതുവരെ 2025 ചാമ്പ്യന്‍സ് ട്രോഫി കളിക്കുമെന്നുറപ്പായ മറ്റ് ടീമുകള്‍.

രണ്ട് ടീമുകള്‍ക്ക് കൂടിയാണ് 2025 ചാമ്പ്യന്‍സ് ട്രോഫി ബെര്‍ത് പ്രതീക്ഷയുള്ളത്. നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സുമാണ് ആ രണ്ട് ടീമുകള്‍.

അതേസമയം, ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തുവിട്ടത്. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം 111 പന്ത് ബാക്കി നില്‍ക്കെ അഫ്ഗാന്‍ സിംഹങ്ങള്‍ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതര്‍ലന്‍ഡ്സ് 46.3 ഓവറില്‍ 179 റണ്‍സ് മാത്രമാണ് നേടിയത്. സൈബ്രന്‍ഡ് എന്‍ഗല്‍ബ്രക്ടിന്റെ അര്‍ധ സെഞ്ച്വറിയും (86 പന്തില്‍ 58 റണ്‍സ്) മാക്സ് ഒ ഡൗഡിന്റെ (40 പന്തില്‍ 42 റണ്‍സ്) ഇന്നിങ്സുമാണ് നെതര്‍ലന്‍ഡ്‌സിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 35 പന്തില്‍ 29 റണ്‍സ് നേടിയ കോളിന്‍ അക്കര്‍മാനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയുടെയും (64 പന്തില്‍ 56) റഹ്‌മത് ഷായുടെയും (54 പന്തില്‍ 52) അര്‍ധ സെഞ്ച്വറി കരുത്തില്‍ അഫ്ഗാന്‍ അനായാസ വിജയം സ്വന്തമാക്കുകായിരുന്നു.

നവംബര്‍ ഏഴിനാണ് അഫ്ഗാന്റെ അടുത്ത മത്സരം. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

Content Highlight: Afghanistan qualified for 2025 champions trophy

We use cookies to give you the best possible experience. Learn more