| Friday, 8th December 2023, 11:13 pm

ലക്ഷ്യം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; അഫ്ഗാനിസ്ഥാന്‍ താരം ഐ.പി.എല്ലിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ഡയനാമിക് ബാറ്ററായ നജീബ് ഉള്ള സദ്രാന്‍ റോയല്‍ ചഞ്ചേഴ്‌സ് ബെംഗളൂരുവില്‍ കളിക്കണമെന്ന് ആഗ്രഹത്തോടെ 2024 ഐ.പി.എല്‍ താര ലേലത്തിന് തയ്യാറെടുക്കുകയാണ്. ആക്രമണ രീതിക്ക് പേരുകേട്ട അഫ്ഗാനിസ്ഥാന്‍ ഇടംകയ്യന്‍ ക്രിക്കറ്റ് താരത്തിന്റെ അടിസ്ഥാന ലേല വില 50 ലക്ഷം രൂപയാണ്.

മുന്‍നിര താരങ്ങള്‍ ഉണ്ടായിട്ടും ഐ.പി.എല്‍ കിരീടം ഒരിക്കല്‍ പോലും നേടാന്‍ സാധിക്കാത്ത ടീമാണ് ആര്‍.സി.ബി, 2016 ഫൈനലില്‍ എത്തിയെങ്കിലും സണ്‍റൈസസ് ഹൈദരാബാദിനോട് തോല്‍വിയാണ് നേരിടേണ്ടിവന്നത്. ഇത്രയും വര്‍ഷമായിട്ടും കടുത്ത ഐ.പി.എല്‍ കിരീട വരള്‍ച്ച നേരിടുന്ന ആര്‍.സി.ബിയിലേക്ക് സദ്രാന്‍ എത്തുകയാണെങ്കില്‍ ടീമിന് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2024 ടൂര്‍ണമെന്റില്‍ ഫാഫ് ഡു പ്ലെസിസ് ആണ് ആര്‍.സി.ബിയെ നയിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ടീമിലെ പ്രധാന അംഗമായ നജീബ് ഉള്ള സദ്രാന്‍ തന്റെ ടീമിന് മികച്ച സംഭാവനകള്‍ ആണ് 2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ നല്‍കിയത്. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ മുന്‍ ലോകകപ്പ് ചാമ്പ്യന്മാരെ പരാജയപ്പെടുത്തി വമ്പന്‍ വിജയങ്ങളാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. യുവതാരനിര അടങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തെ ശ്രദ്ധേയമായ ടൂര്‍ണമെന്റ് ആണ് 2023ല്‍ കാഴ്ചവച്ചത്. സെമി ഫൈനല്‍ മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടാണ് അഫ്ഗാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് എത്തിയത്. ഒരു ഘട്ടത്തില്‍ വിജയിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടും അവര്‍ സെമി കാണാതെ പുറത്തു പോവുകയായിരുന്നു.

ലോകകപ്പില്‍ പരിമിതമായ സ്വാധീനം ചെലുത്തിയിട്ടും തന്റെ കന്നി ഐ.പി.എല്‍ കരാര്‍ ഉറപ്പിക്കുന്നതിന് സദ്രാന്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നു.

‘എല്ലാ കളിക്കാരെയും പോലെ ഞാനും ഐ.പി.എല്ലില്‍ കളിക്കണമെന്ന് സ്വപ്നം കാണുന്നുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരുവില്‍ ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിരാട് കോഹ്‌ലി ഇതുവരെ ഐ.പി.എല്‍ വിജയം നേടിയിട്ടില്ല, ഇത്തവണ അത് മാറ്റാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’സദ്രാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

അദ്ദേഹത്തിന്റെ ലോകകപ്പ് പ്രകടനം അമ്പരപ്പിക്കുന്നതല്ലെങ്കിലും ശ്രദ്ധേയമായ ടി-ട്വന്റി റെക്കോഡുകള്‍ സദ്രാന്‍ നേടിയിരുന്നു. 94 മത്സരങ്ങളില്‍ നിന്ന് 1712 റണ്‍സ് 140 സ്‌ട്രൈക്ക് റേറ്റിന് മുകളിലാണ് അദ്ദേഹം നേടിയത്. ഐ.പി.എല്‍ 2024 താരലേലം ഡിസംബര്‍ 19ന് ദുബായില്‍ വച്ച് നടക്കാനിരിക്കുകയാണ്. പുതിയ സീസണില്‍ ആര്‍.സി.ബി ജേഴ്‌സി ധരിക്കാന്‍ തനിക്ക് കഴിയുമെന്ന് സദ്രാന്‍ ഉറച്ചു വിശ്വസിക്കുകയാണ്.

Content Highlight: Afghanistan player to IPL

We use cookies to give you the best possible experience. Learn more