| Wednesday, 26th June 2024, 9:11 am

അഫ്ഗാനിസ്ഥാന് ക്രിക്കറ്റിന്‌ പിന്തുണ നല്‍കുന്നത് ഇന്ത്യ; താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഇതോടെ ലോകകപ്പ് സെമി ഫൈനലില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് അഫ്ഗാന്‍ പട. അതേസമയം ഒരു ചരിത്ര നേട്ടമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ടി-20 ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍ പ്രവേശിക്കുന്നത്.

എന്നാല്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ വിജയത്തിന് പിന്നിലെ ഇന്ത്യയുടെ പിന്തുണയെക്കുറിച്ച്‌സംസാരിച്ച് രംഗത്ത് വന്നിരുന്നു. താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍ വിയോണ്‍ ന്യൂസിനോട് സംസാരിക്കവെയാണ് ഇന്ത്യനല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞത്.

20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഫ്ഗാനിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗത്വം നേടുന്നത്. തുടര്‍ന്ന് മുന്നോട്ടുള്ള വഴിയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ നിര്‍ണായകമായിരുന്നു. ഗ്രേറ്റര്‍ നോയിഡ, ലഖ്നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ അഫ്ഗാനിസ്ഥാന് ഗ്രൗണ്ടുകള്‍ അനുവദിച്ചത് ഇന്ത്യയാണ്. ഇന്ത്യയുടെ സംഭാവനകളെ താലിബാന്‍ അംഗീകരിക്കുകയും അതിന് നന്ദി അറിയിക്കുകയും ചെയ്തു.

‘അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് ഇന്ത്യ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണക്ക് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ അതിനെ അഭിനന്ദിക്കുന്നു,’താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍ വിയോണ്‍ ന്യൂസിനോട് പറഞ്ഞു.

ടി-20 ലോകകപ്പിന് ശേഷം അടുത്ത മാസം നോയിഡയിലും കാണ്‍പൂരിലും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന ക്രിക്കറ്റും ടി-20 പരമ്പരയും കളിക്കും.

ഇന്ത്യന്‍ കമ്പനികളാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഫ്ഗാനിസ്ഥാന്റെ താരങ്ങള്‍ സ്ഥിര സാനിധ്യമാണ്. അതേ സമയം സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിക്കഴിഞ്ഞു. ഗ്രൂപ്പ് 1-ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.

ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിക്ക് യോഗ്യത നേടിയത്.

Content Highlight: Afghanistan Parises India For Supporting Their Cricket

We use cookies to give you the best possible experience. Learn more