അട്ടിമറി പ്രതീക്ഷിച്ചപ്പോള്‍ കിട്ടിയത് നാണക്കേട്; ഏകദിന ചരിത്രത്തിലെ മോശം നേട്ടം, തലകുനിച്ച് നെതര്‍ലന്‍ഡ്‌സ്
2023 ലോകകപ്പില്‍ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് പിഴച്ചിരിക്കുകയാണ്. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനെതിരെയാണ് നെതര്‍ലന്‍ഡ്‌സിന് മുട്ടുവിറച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടും മോശമല്ലാത്ത ഇന്നിങ്‌സ് പുറത്തെടുത്ത മാക്‌സ് ഒ ഡൗഡുമാണ് നെതര്‍ലന്‍ഡ്‌സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
എന്‍ഗല്‍ബ്രെക്ട് 86 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ 40 പന്തില്‍ 42 റണ്‍സാണ് മാക്‌സ് ഒ ഡൗഡ് നേടിയത്. 35 പന്തില്‍ 29 റണ്‍സടിച്ച കോളിന്‍ അക്കര്‍മെനാണ് ഡച്ച് നിരയില്‍ പിടിച്ചുനിന്ന മറ്റൊരു താരം.
അഫ്ഗാനിസ്ഥാനായി മുഹമ്മദ് നബി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൂര്‍ അഹമ്മദ് രണ്ടും മുജീബ് ഉര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും നേടി.
നാല് താരങ്ങളാണ് ഡച്ച് നിരയില്‍ റണ്‍ ഔട്ടായത്. ഓപ്പണര്‍ മാക്‌സ് ഒ ഡൗഡ്, കോളിന്‍ അക്കര്‍മെന്‍, സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട്, ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് എന്നിവരാണ് റണ്‍ ഔട്ടായത്.
ഈ റണ്‍ ഔട്ടുകള്‍ക്ക് പിന്നാലെ ഒരു മോശം റെക്കോഡും നെതര്‍ലന്‍ഡ്‌സിനെ തേടിയെത്തിയിരുന്നു. ഏകദിന മത്സരത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ടോപ് ഫൈവിലെ നാല് താരങ്ങളും റണ്‍ ഔട്ടാകുന്നത്.
തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ രണ്ട് റണ്‍ ഔട്ട് നേടിയാണ് അഫ്ഗാനിസ്ഥാന്‍ മാജിക് പുറത്തെടുത്തത്. 19ാം ഓവറിലെ മൂന്നാം പന്തില്‍ കോളിന്‍ അക്കര്‍മാനെ ഡയറക്ട് ഹിറ്റിലൂടെ അസ്മത്തുള്ള ഒമറാസി മടക്കിയപ്പോള്‍ തൊട്ടുത്ത പന്തില്‍ ഗോള്‍ഡന്‍ ഡക്കായി സ്‌കോട്ട് എഡ്വാര്‍ഡ്‌സും റണ്‍ ഔട്ടായി മടങ്ങുകയായിരുന്നു.
അതേസമയം, നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ നിലവില്‍ 23 ഓവര്‍ പിന്നിടുമ്പോള്‍ 130 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 39 പന്തില്‍ 37 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും രണ്ട് പന്തില്‍ ഒരു റണ്ണുമായി അസ്മത്തുള്ള ഒമറാസിയുമാണ് ക്രീസില്‍.
റഹ്‌മാനുള്ള ഗുര്‍ബാസ് (11 പന്തില്‍ പത്ത്), ഇബ്രാഹിം സദ്രാന്‍ (34 പന്തില്‍ 20), റഹ്‌മത് ഷാ (54 പന്തില്‍ 52) എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ പുറത്തായത്.
Content Highlight: Afghanistan – Netherlands; Four Netherlands players were dismissed through run-out