| Wednesday, 10th January 2024, 4:29 pm

അഫ്ഗാനിസ്ഥാന് സുവര്‍ണാവസരം; ചരിത്രം കുറിക്കാന്‍ വേണ്ടത് ഒരു വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ജനുവരി 11മുതല്‍ അഫ്ഗാനിസ്ഥാനുമായുള്ള മൂന്ന് ടി-ട്വന്റി പരമ്പര നടക്കാനിരിക്കുകയാണ്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിനൊപ്പം വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇരു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ നിരവധി റെക്കോഡുകള്‍ ഇന്ത്യന്‍ മണ്ണില്‍ പിറക്കുമെന്നതില്‍ സംശയമില്ല.
എന്നാല്‍ ഇബ്രാഹിം സദ്രാന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്ന അഭിമാനകരമായ മറ്റൊരു നേട്ടവും പരമ്പരയില്‍ ഉണ്ട്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയോട് ടി-ട്വന്റിയില്‍ വിജയിക്കാനുള്ള അവസരമാണ് ഇതോടെ അഫ്ഗാലിസ്ഥാനെ കാത്തിരിക്കുന്നത്. ഇതുവരെ ഒരു ടി-ട്വന്റി പരമ്പര പോയിട്ട് ഒരു മത്സരം പോലും ഇന്ത്യയോട് അഫ്ഗാന്‍ വിജയിച്ചിട്ടില്ല.

ഇതുവരെ നാല് മത്സരങ്ങളിലാണ് ഇരുവരും ഏറ്റുമുട്ടിയത്. അതില്‍ നാല് മത്സരവും ഇന്ത്യയാണ് വിജയിച്ചത്. ഒരു മത്സരത്തില്‍ റിസള്‍ട്ട് ഇല്ലായിരുന്നു. ഇന്ത്യയെ ഒരു കളിയിലെങ്കിലും തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പുതിയ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനേയും അഭിമാന നേട്ടം കാത്തിരിക്കുന്നുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടി-ട്വന്റിയില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്ന ആദ്യ അഫ്ഗാന്‍ താരമാകാന്‍ സദ്രാന് സാധിക്കും.

അഫ്ഗാനിസ്ഥാന്‍ ടീം: ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുള്ള സദ്റാന്‍, മുഹമ്മദ് നബി, കരീം ജനത്, അബ്ദുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്റഫ്, ഫജീബ് അഷ്റഫ്, എഫ്. ഫരീദ് അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍.

ഇന്ത്യന്‍ ടീം: രോഹിത് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), സഞ്ജു (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ഡണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

ആദ്യ ടി-ട്വന്റി ജനുവരി 11ന് മൊഹാലിയില്‍ ആണ് നടക്കുക. രണ്ടാം ടി-ട്വന്റി ജനുവരി 14ന് ഇന്‍ഡോറിലും മൂന്നാം ടി-ട്വന്റി ജനുവരി 17ന് ബെഗളൂരുവിലും നടക്കും. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ കളിക്കുന്നില്ല.

Content Highlight: Afghanistan needs a win to make history

We use cookies to give you the best possible experience. Learn more