| Saturday, 7th October 2023, 11:40 am

ദേ പിന്നേം ഒരു ടീമിന്റെ രണ്ട് കളി, അതും ഒരേ സമയം; ഏത് കളി കാണണമെന്ന് ടെന്‍ഷനില്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്. ക്രിക്കറ്റ് ഭൂപടത്തില്‍ ഇതിനോടകം തന്നെ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാന്‍ അഫ്ഗാന്‍ സിംഹങ്ങള്‍ക്ക് സാധിച്ചിരുന്നു. ലോകകപ്പില്‍ നേരിട്ട് പ്രവേശിച്ച അഫ്ഗാന്‍ ഏഷ്യന്‍ ഗെയിംസിലും തങ്ങളുടെ കാലൊച്ച കേള്‍പ്പിച്ചിരിക്കുകയാണ്.

ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലിലാണ് അഫ്ഗാന്‍ കോപ്പുകൂട്ടുന്നത്. സെമി ഫൈനലില്‍ പാകിസ്ഥാനെ അട്ടിമറിച്ച അഫ്ഗാന് ഇന്ത്യയെ ആണ് ഫൈനലില്‍ നേരിടാനുള്ളത്.

ചൈനയിലെ ZJUT സ്‌റ്റേഡിയത്തില്‍ ഗുലാബ്ദീന്‍ നയീബിന്റെ നേതൃത്വത്തില്‍ അഫ്ഗാന്‍ ടീം ഇന്ത്യയെ നേരിടുമ്പോള്‍ ഇവിടെ ഐ.സി.സി ലോകകപ്പില്‍, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാന്റെ പ്രധാന ടീം ബംഗ്ലാദേശിനെ നേരിടുകയാണ്. ബംഗ്ലാദേശാണ് അഫ്ഗാന്റെ എതിരാളികള്‍.

ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കൃത്യം ഒരു മണിക്കൂറിന് ശേഷം ചൈനയില്‍ ഇന്ത്യന്‍ സമയം 11.30നാണ് ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ അഫ്ഗാന്‍ ഇന്ത്യയെ നേരിടുക.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ അഫ്ഗാന്‍ 48 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 25 പന്തില്‍ 22 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്റെ വിക്കറ്റാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്.

നിലവില്‍ 28 പന്തില്‍ നിന്നും 23 റണ്‍സ് നേടിയ റഹ്മാനുള്ള ഗുര്‍ബാസും ഒരു പന്തില്‍ ഒരു റണ്‍സ് നേടിയ റഹ്മത് ഷായുമാണ് അഫ്ഗാന്‍ സിംഹങ്ങള്‍ക്കായി ക്രീസില്‍.

ഏഷ്യന്‍ ഗെയിസിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചാണ് അഫ്ഗാന്‍ മുമ്പോട്ട് കുതിച്ചത്. എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം.

ഈ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുമ്പ് ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ തോല്‍പിച്ചിരുന്നു. മഴ നിയമപ്രകാരം ആറ് വിക്കറ്റിനാണ് അഫ്ഗാന്‍ ലങ്കയെ തോല്‍പിച്ചത്.

ലങ്കയെ തോല്‍പിച്ച് സെമിയിലെത്തിയ വമ്പന്‍ ടീമായ പാകിസ്ഥാനെയായിരുന്നു നേരിടാനുണ്ടായിരുന്നത്. സെമിയില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടക്കുകകയായിരുന്നു.

Content Highlight: Afghanistan is playing in the World Cup and Asian Games simultaneously

We use cookies to give you the best possible experience. Learn more