|

ടി-20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാം റെക്കോഡ് വിജയം; അഫ്ഗാന്‍ തരംഗത്തില്‍ ചാരമായി ഉഗാണ്ട!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് നടന്ന ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വമ്പന്‍ ജയം. 125 റണ്‍സിനാണ് ഉഗാണ്ടയെ ടീം പരാജയപ്പെടുത്തിയത്. പ്രൊവിഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉഗാണ്ടയ്ക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു സംഭവിച്ചത്. അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയുടെ മിന്നല്‍ക്രമണത്തില്‍ 16 ഓവറില്‍ 58 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ടീം.

തകര്‍പ്പന്‍ വിജയത്തോടെ ഒരു ഗംഭീര റെക്കോഡും അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുകയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവും വലിയ വിജയമാര്‍ജിനില്‍ രണ്ട് തവണ വിജയിച്ച ടീമാകാനാണ് അഫ്ഗാനിസ്ഥാന് സാധിച്ചത്. ഈ നേട്ടത്തില്‍ രണ്ടാമതും നിലവില്‍ നാലാമതും അഫ്ഗാനിസ്ഥാനാണ് ഉള്ളത്.

ടി-20 ലോകകപ്പില്‍ ഏറ്റവും വലിയ വിജയമാര്‍ജിനില്‍ മത്സരം വിജയിക്കുന്ന ടീം, എതിരാളി, റണ്‍സ്, വര്‍ഷം

ശ്രീലങ്ക – കെനിയ – 172 – 2007

അഫ്ഗാനിസ്ഥാന്‍ – സ്‌കോട്‌ലാന്‍ഡ് – 130 – 2021

സൗത്ത് ആഫ്രിക്ക – സ്‌കോട്‌ലാന്‍ഡ് – 130 – 2009

അഫ്ഗാനിസ്ഥാന്‍ – ഉഗാണ്ട – 125* – 2024

അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും ഇടിവെട്ട് പ്രകടനത്തിലാണ് ടീം ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിയത്. ഗുര്‍ബാസ് 45 പന്തില്‍ നിന്ന് നാല് സിക്സറും 4 ഫോറും അടക്കം 76 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 168.89 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. മറുഭാഗത്ത് 46 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സും അടക്കം 70 റണ്‍സ് നേടിയ സദ്രാന്‍ 152.17 എന്ന സ്ട്രൈക്ക് റേറ്റിലാണ് ബാറ്ററിയത്.

ഉഗാണ്ടയ്ക്ക് വേണ്ടി 14 റണ്‍സ് നേടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് റോബിന്‍സണ്‍ ഒബുയ ആണ്. റിയാസത്ത് അലി ഷാ 11 റണ്‍സും നേടി. ഉഗാണ്ടയുടെ ബൗളിങ് നിരയില്‍ കോസ്മോസ് കൈവുട്ടയും ക്യാപ്റ്റന്‍ ബ്രിയാന്‍ മസാബയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ആല്‍ബേഷ് റംജാനി ഒരു വിക്കറ്റ് നേടി.

അഫ്ഗാന്‍ ബൗളിങ്ങിലെ ഫസല്‍ഹഖ് ഫറൂസിയുടെ ഗംഭീര പ്രകടനത്തിലാണ് ഉഗാണ്ട ചാരമായത്. നാവറില്‍ വെറും 9 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം 2.25 എന്ന എക്കണോമിയിലാണ് പന്ത് എറിഞ്ഞത്. നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും മുജീബ് ഉര്‍ റഹ്‌മാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുളും സ്വന്തമാക്കി.

Content Highlight: Afghanistan In Record Achievement In 2024 t20 World Cup