ഡഗ്ഔട്ടില്‍ ഇരുന്ന് കരയുന്ന നേരത്ത് ആ കമന്ററിയെങ്കിലും കേട്ടിരുന്നെങ്കില്‍... തോല്‍വിയേക്കാള്‍ വലിയ നിരാശയുമായി അഫ്ഗാന്‍
Asia Cup
ഡഗ്ഔട്ടില്‍ ഇരുന്ന് കരയുന്ന നേരത്ത് ആ കമന്ററിയെങ്കിലും കേട്ടിരുന്നെങ്കില്‍... തോല്‍വിയേക്കാള്‍ വലിയ നിരാശയുമായി അഫ്ഗാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th September 2023, 8:46 am

 

 

ശ്രീലങ്കയോടേറ്റ രണ്ട് റണ്‍സിന്റെ പരാജയത്തിന് പിന്നാലെ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇടം നേടാന്‍ സാധിക്കാതെ പുറത്തായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു അഫ്ഗാന്റെ പരാജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് നേടിയത്. 84 പന്തില്‍ 92 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസും 40 പന്തില്‍ 41 റണ്‍സ് നേടിയ പാതും നിസങ്കയുമാണ് ലങ്കന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

അഫ്ഗാനിസ്ഥാന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കണമെങ്കില്‍ ഈ മത്സരം വെറുതെ വിജയിച്ചാല്‍ മാത്രം പോരാ, 37.1 ഓവറില്‍ വിജയിക്കുകയും വേണമായിരുന്നു. എങ്കില്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന്‍ സിംഹങ്ങള്‍ക്ക് മുമ്പോട്ട് കുതിക്കാമായിരുന്നു.

ഒരുവേള 35 ഓവറിനുള്ളില്‍ അഫ്ഗാന്‍ ഈ ലക്ഷ്യം മറികടക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. മുന്‍ നായകന്‍ മുഹമ്മദ് നബിയും നായകന്‍ ഹസ്മത്തുള്ള ഷാഹിദിയും ചേര്‍ന്ന് ലങ്കന്‍ ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിടുകയായിരുന്നു. ഇവരുടെ കൂട്ടുകെട്ട് പൊളിക്കാനാകാതെ ഉഴറുന്ന റെയ്‌നിങ് ചാമ്പ്യന്‍മാരെയാണ് ഗദ്ദാഫി സ്റ്റേഡിയം കണ്ടത്.

മുഹമ്മദ് നബി 32 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ ഷാഹിദി 66 പന്തില്‍ 59 റണ്‍സും നേടി. ഇവര്‍ക്ക് മുമ്പേ നാലാം നമ്പറില്‍ ഇറങ്ങിയ റഹ്‌മത് ഷായും തകര്‍ത്തടിച്ചിരുന്നു. 40 പന്തില്‍ 45 റണ്‍സായിരുന്നു ഷായുടെ സമ്പാദ്യം.

ടീം സ്‌കോര്‍ 201ല്‍ നില്‍ക്കവെ നബിയെ പുറത്താക്കിയ മഹീഷ് തീക്ഷണ ലങ്കക്ക് പ്രതീക്ഷ നല്‍കി. ശേഷം ക്രീസിലെത്തിയ കരീം ജന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 13 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.

സ്‌കോര്‍ ഉയര്‍ത്തിയ ജന്നത്തിനെയും ഷാഹിദിയെയും ഒരു ഓവറില്‍ പുറത്താക്കി ദുനിത്‌ വെല്ലലാഗെ അഫ്ഗാന് ഇരട്ട പ്രഹരമേല്‍പിച്ചു. പിന്നാലെയെത്തിയ നജീബുള്ള സദ്രാനും റാഷിദ് ഖാനും അഫ്ഗാന് വീണ്ടും വീണ്ടും പ്രതീക്ഷ നല്‍കിക്കൊണ്ടേയിരുന്നു. 11 പന്തില്‍ 22 റണ്‍സ് നേടിയാല്‍ അഫ്ഗാന് മുമ്പോട്ട് കുതിക്കാം എന്ന നില വരെ ഒരു അവസരത്തിലുണ്ടായിരുന്നു. എന്നാല്‍ നജീബുള്ള സദ്രാനെ പുറത്താക്കി കാസുന്‍ രജിത അഫ്ഗാനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി.

ഒടുവില്‍ ഏഴ് പന്തില്‍ 15 റണ്‍സ് നേടിയാല്‍ അഫ്ഗാന് യോഗ്യത നേടാം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

37ാം ഓവര്‍ പന്തെറിയാനെത്തിയ വെല്ലലാഗെ ആദ്യ രണ്ട് പന്തും ഡോട്ട് ആക്കിമാറ്റി. മൂന്നാം പന്ത് ബൗണ്ടറി കടത്തിയ റാഷിദ് ഖാന്‍ നാലാം പന്ത് വീണ്ടും ഡോട്ട് ആക്കിയെങ്കിലും പിന്നീടുള്ള രണ്ട് പന്തിലും ബൗണ്ടറി നേടി.

ഇതോടെ അഫ്ഗാന് വിജയം മൂന്ന് റണ്‍സകലെ മാത്രമായി. രണ്ട് വിക്കറ്റ് കയ്യിലിരിക്കെ ഒരു പന്തില്‍ മൂന്ന് റണ്‍സടിച്ചാല്‍ അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കും എന്ന നില വന്നു.

വിശ്വസ്തനായ ധനഞ്ജയ ഡി സില്‍വയെ പന്തേല്‍പിച്ച ക്യാപ്റ്റന്‍ ദാസുന്‍ ഷണകക്ക് പിഴച്ചില്ല. ആദ്യ പന്തില്‍ മുജീബ് ഉര്‍ റഹ്‌മാനെ സധീര സമരവിക്രമയുടെ കൈകളിലെത്തിച്ച് മടക്കിയപ്പോള്‍ അഫ്ഗാന്‍ ക്യാമ്പ് മൂകമായി.

എന്നാല്‍ അഫ്ഗാന്റെ സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല എന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞുകൊണ്ടേയിരുന്നിരുന്നു. 37.4 ഓവറില്‍ സ്‌കോര്‍ 295ല്‍ എത്തിക്കുകയാണെങ്കില്‍ അഫ്ഗാന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

37.2 പന്ത് ഫേസ് ചെയ്യാനെത്തിയ ഫസലാഖ് ഫാറൂഖി നേരിട്ട ആദ്യ രണ്ട് പന്തും ഡോട്ട് ആക്കി മാറ്റി. അവസാന പ്രതീക്ഷയായ 38ാം ഓവറിലെ നാലാം പന്തില്‍ ഫാറൂഖി വിക്കറ്റിന് മുമ്പില്‍ കുടങ്ങി പുറത്തായപ്പോള്‍ മറുവശത്ത് നിരാശയില്‍ തലകുനിച്ചിരിക്കാന്‍ മാത്രമാണ് റാഷിദ് ഖാന് സാധിച്ചത്.

ഫാറൂഖി ഏതെങ്കിലും പന്തില്‍ സിക്‌സര്‍ നേടുകയോ, സിംഗിള്‍ നേടി റാഷിദ് ഖാന്‍ സ്‌ട്രൈക്ക് നല്‍കുകയും താരം സിക്‌സര്‍ നേടുകയും ചെയ്തിരുന്നെങ്കില്‍ അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കുമായിരുന്നു. ഇക്കാര്യം ബാറ്റര്‍മാരെ അറിയിക്കുന്നതില്‍ അനലിസ്റ്റുകള്‍ക്കും പിഴവുപറ്റി. ഒടുവില്‍ രണ്ട് റണ്‍സിന് വിജയിച്ച ലങ്ക സൂപ്പര്‍ ഫോറിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

 

Content Highlight: Afghanistan has been eliminated from the Asia Cup