| Wednesday, 18th September 2024, 8:32 pm

പ്രോട്ടിയാസിനെ നാണം കെടുത്തി അഫ്ഗാന്‍ പട, ഇതാണ് തീപ്പൊരി ബൗളിങ്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ വമ്പന്‍ തിരിച്ചടിയായിരുന്നു പ്രോട്ടിയാസിന് നേരിടേണ്ടി വന്നത്. 33.3 ഓവറില്‍ വെറും 106 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയെ അഫ്ഗാനിസ്ഥാന്‍ തകര്‍ത്തെറിഞ്ഞത്. പവര്‍ പ്ലേ കഴിയുന്നത്തിനുള്ളില്‍ പ്രോട്ടിയാസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ വെറും 36 റണ്‍സ് എന്ന നിലയില്‍ എത്തിയിരുന്നു. ഇതോടെ ആദ്യ പവര്‍ പ്ലേയില് സൗത്ത് ആഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന മോശം നേട്ടമാണ് വന്നുചേര്‍ന്നത്.

ഓപ്പണര്‍ റീസ ഹെന്‍ട്രിക്‌സിനെ പുറത്താക്കിയാണ് അഫ്ഗാന്‍ ബൗളര്‍ ഫസല്‍ഹക്ക് ഫറൂഖി വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നീട് ടോണി ഡി സോഴ്‌സിയെ (11) പറഞ്ഞയച്ച് ഫറൂഖി വീണ്ടും വിക്കറ്റ് വീഴ്ത്തി. സമ്മര്‍ദഘട്ടത്തില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തെ രണ്ട് റണ്‍സിന് കൂടാരം കയറ്റി ഫറൂഖി വീണ്ടും തിരിച്ചെത്തി. തകര്‍പ്പന്‍ ബൗളിങ് അറ്റാക്കില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിനെ പൂജ്യത്തിന് പുറത്താക്കി അല്ലാഹ് ഗസന്‍ഫറും വേട്ട തുടങ്ങിയതോടെ സൗത്ത് ആഫ്രിക്ക പകച്ചു പോയി.

തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ കൈയില്‍ വെരെയെന്നെ 10 റണ്‍സ് നേടിയെങ്കിലും ഗസാന്‍ഫറിന്റെ ഇരയായി. തുടര്‍ന്ന് ജയ്‌സണ്‍ സ്മിത്തിനെയും കൂടാരം കയറ്റി ഗസാന്‍ഫര്‍ അടുത്ത വിക്കറ്റ് സ്വന്തമാക്കി. അധികം വൈകാതെ ആന്‍ഡ്‌ലെ ഫെഹ്ലുകുഅവോ പൂജ്യം റണ്‍സിന് റണ്‍ഔട്ട് ആയതോടെ പവര്‍ പ്ലേ അവസാനിക്കുന്നതിനുള്ളില്‍ 36 റണ്‍സിന് 7 വിക്കറ്റുകള്‍ ആണ് സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായത്.

അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ഫസല്‍ഹഖ് ഫറൂക്കിയാണ്. നാല് വിക്കറ്റുകളാണ് താരം നേടിയത്. ഗസന്‍ഫര്‍ മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു.

Content Highlight: Afghanistan Great Performance Against South Africa

Latest Stories

We use cookies to give you the best possible experience. Learn more