അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യൻ ആരാധകരെ ശാന്തരാകുവിൻ
Cricket
അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യൻ ആരാധകരെ ശാന്തരാകുവിൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th August 2022, 11:26 pm

ഏഷ്യാ കപ്പിന്റെ രണ്ടാം മത്സരത്തിൽ ഗ്രീൻ ആർമിയെ അഞ്ച് വിക്കറ്റ് അവശേഷിക്കെ പരാജയപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീം.

ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാൻ ബാറ്റർമാരെ എറിഞ്ഞു വീഴ്ത്തുകയായയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പ്രശംസ അർഹിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു.

ഭുവനേശ്വർ കുമാർ നാല് വിക്കറ്റും ഹർദിക് പാണ്ഡ്യ മുന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു. 19.5 ഓവർ അവശേഷിക്കെ 147 റൺസുകൾക്ക് പാകിസ്ഥാന്റെ ബാറ്റിംങ് അവസാനിപ്പിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കെ.എൽ. രാഹുലിന്റെ വിക്കറ്റ് എടുത്ത് പാകിസ്ഥാന്റെ 19 വയസുകാരൻ നസീം ഷാ ഭയപ്പെടുത്തിയെങ്കിലും, വിരാടും, രോഹിതും താളം കണ്ടെത്തുകയും കളി തിരിച്ചുപിടിക്കയുമായിരുന്നു.

അവസാന ഓവറുകളിൽ ഇന്ത്യയുടെ കൈകളിൽ നിന്നും കളി കൈവിട്ടുപോകുമെന്ന് തോന്നിച്ചപ്പോഴാണ് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ 17 പന്തുകളിൽ നിന്നും 33 റൺസ് ടീമിനായി മിന്നും വിജയം നൽകിയത്. ഒരു സിക്‌സറും നാല് ഫോറുകളും അടിച്ചു കൂട്ടിയ താരം പുറത്താകാതെ നിന്നു.

എന്നാലിപ്പോൾ, ഹർദികിന് ഇന്ത്യയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും കടുത്ത ആരാധകരുണ്ട് എന്ന വ്യക്തമാകുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അഫഗാനിസ്ഥാൻ ആരാധകൻ ഇന്ത്യ-പാക് മത്സരത്തിൽ അവസാന സിക്‌സ് നേടി ഇന്ത്യയെ ജയിപ്പിക്കുന്ന ഹർദിക് പാണ്ഡ്യയെ ടി.വിയിൽ പോയി ഉമ്മ വെക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്.

‘ഞങ്ങളുടെ എല്ലാ ഇന്ത്യൻ അഫ്ഗാനിസ്ഥാൻ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. ഞങ്ങൾ അഫ്ഗാനിസ്ഥാൻ ജനത സുഹൃത്തുക്കളായ ഇന്ത്യൻ ജനതക്കൊപ്പം ഈ വിജയം ആഘോഷിക്കുന്നു.’ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ ട്വീറ്ററിൽ പ്രചരിക്കുന്നത്.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ശ്രീലങ്കയെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു. പാകിസ്ഥാനെതിരെ വിജയിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും അടുത്ത മത്സരങ്ങൾക്ക് ഇന്ത്യ ഇറങ്ങുക. ഇന്ത്യയുടെ അടുത്ത മത്സരം ഹോംങ് കോങിനെതിരെയണ്. ഓഗസ്റ്റ് 31 ഇന്ത്യൻ സമയം 7:30 നാണ് മത്സരം.

Content Highlight: Afghanistan fan kisses Hardik Pandya on TV screen