| Saturday, 3rd June 2023, 11:34 am

പതിരാനയെ പടമാക്കി, ധോണിയുടെ ചെറുക്കനെ തല്ലിയൊതുക്കി അഫ്ഗാന്‍; ജയത്തോടെ മുന്നോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്ക് തകര്‍പ്പന്‍ വിജയം. മഹീന്ദ രജപക്‌സെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ ലങ്കയെ തകര്‍ത്തുവിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്കായി ചരിത് അസലങ്കയും ധനഞ്ജയ ഡി സില്‍വയും അര്‍ധ സെഞ്ച്വറി നേടി. അസലങ്ക 95 പന്തില്‍ നിന്നും 91 റണ്‍സ് നേടിയപ്പോള്‍ ഡി സില്‍വ 59 പന്തില്‍ നിന്ന് 51 റണ്‍സും സ്വന്തമാക്കി.

ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ ലങ്ക നിശ്ചിത ഓവറില്‍ 268 റണ്‍സിന് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വിശ്വസ്ഥനായ റഹ്‌മാനുള്ള ഗുര്‍ബാസിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. 23 പന്തില്‍ നിന്നും 14 റണ്‍സ് നേടി നില്‍ക്കവെയാണ് ഗുര്‍ബാസ് പുറത്താകുന്നത്. ലാഹിരു കുമാരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

എന്നാല്‍ ശ്രീലങ്കയുടെ ചിരിക്ക് അധികം ആയുസുണ്ടായിരുന്നില്ല. വണ്‍ ഡൗണായെത്തിയ റഹ്‌മത് ഷായെ കൂട്ടുപിടിച്ച് ഇബ്രാഹീം സദ്രാന്‍ റണ്‍സ് ഉയര്‍ത്തി. 19ല്‍ ഒരുമിച്ച ഈ കൂട്ടുകെട്ട് പിരിഞ്ഞത് 171ല്‍ നില്‍ക്കവെയാണ്.

98 പന്തില്‍ നിന്നും 11 ബൗണ്ടറിയും രണ്ട് സിക്‌സറുമായി 98 റണ്‍സുമായി സദ്രാന്‍ തിളങ്ങിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി ഷാ മികച്ച പിന്തുണ നല്‍കി.

ലങ്കന്‍ നിരയില്‍ പന്തെറിഞ്ഞ പലരും മികച്ച രീതിയില്‍ തന്നെ അടിവാങ്ങിക്കൂട്ടി. ഐ.പി.എല്ലില്‍ തകര്‍പ്പന്‍ ഫോമുമായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച പതിരാനയായിരുന്നു കൂടുതല്‍ റണ്‍സ് വഴങ്ങിയത്.

8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നേടി 66 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 7.47 എന്ന എക്കോണമിയിലാണ് താരം റണ്‍സ് വഴങ്ങിയത്.

ധോണിയുടെ ശിക്ഷണത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചവന്‍ ധോണിയുടെ നിഴലില്‍ നിന്നും മാറിയപ്പോള്‍ കളി മറക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. അന്താരാഷ്ട്ര മത്സരത്തിന്റെ സമ്മര്‍ദവും വേണ്ടുവോളം പതിരാനയിലുണ്ടായിരുന്നു.

ഒടുവില്‍ 19 പന്തും ആറ് വിക്കറ്റും കയ്യിലിരിക്കെ അഫ്ഗാന്‍ വിജയം പിടിച്ചടക്കി. ബാറ്റിങ്ങില്‍ കരുത്തായ സദ്രാനാണ് കളിയിലെ താരം.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിടച്ചപ്പോള്‍ അഫ്ഗാന്‍ 1-0ന് മുമ്പിലാണ്. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. മഹീന്ദ രജപക്‌സെ സ്റ്റേഡിയം തന്നെയാണ് വേദി.

Content Highlight: Afghanistan defeats Sri Lanka in 1st ODI

We use cookies to give you the best possible experience. Learn more