| Sunday, 15th October 2023, 9:36 pm

ഐതിഹാസികം, നൂറ്റാണ്ടിന്റെ അട്ടിമറി; അഫ്ഗാന്‍ ഗര്‍ജനത്തില്‍ ചാമ്പ്യന്‍മാര്‍ ചാരം, തോറ്റത് 69 റണ്‍സിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പ് 2023യില്‍ അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാന്‍. റെയ്‌നിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിനാണ് അഫ്ഗാന്‍ സിംഹങ്ങള്‍ പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 285 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 215 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാന്റെ ആദ്യ വിജയമാണിത്. അതേസമയം ഇംഗ്ലണ്ട് ഈ ലോകകപ്പിലെ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങി.

അഫ്ഗാനിസ്ഥാന്റെ ബൗളിങ് നിരക്ക് മുമ്പില്‍ കളി മറന്ന ഇംഗ്ലണ്ടിനായാണ് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം കണ്ടത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹാരി ബ്രൂക്കിന് മാത്രമാണ് അഫ്ഗാന്‍ ബൗളിങ് നിരയോട് അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്.

ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, സാം കറന്‍ എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ബെയര്‍‌സ്റ്റോ നാല് റണ്‍സിന് പുറത്തായപ്പോള്‍ ഒമ്പത് റണ്‍സാണ് ബട്‌ലറിന്റെ സ്മ്പാദ്യം. റൂട്ട് 11ഉം സാം കറന്‍ പത്ത് റണ്‍സും നേടി പവലിയനിലേക്ക് തിരിച്ചുനടന്നു.

അഫ്ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്‌മാനും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി രണ്ട് വിക്കറ്റും സ്വന്തമാക്കി. ഫസലാഖ് ഫാറൂഖി, നവീന്‍ ഉള്‍ ഹഖ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലേക്കുയര്‍ന്നത്. 57 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. എട്ട് ബൗണ്ടറിയും നാല് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇതിന് പുറമെ ഇക്രം അലിഖിലിന്റെ അര്‍ധ സെഞ്ച്വറിയും അഫ്ഗാന് തുണയായി. ഒടുവില്‍ 49.5 ഓവറില്‍ 284 റണ്‍സിന് അഫ്ഗാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത് ഉയര്‍ന്ന ടോട്ടലാണിത്. 2019ല്‍ വിന്‍ഡീസിനെതിരെ നേടിയ 288 റണ്‍സിന്റെ ടോട്ടലാണ് പട്ടികയില്‍ ഒന്നാമതായി നില്‍ക്കുന്നത്.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക് വുഡ് രണ്ട് വിക്കറ്റും നേടി. ലിയാം ലിവിങ്‌സ്റ്റണ്‍, ജോ റൂട്ട്, റീസ് ടോപ്‌ലി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content Highlight: Afghanistan defeats England

We use cookies to give you the best possible experience. Learn more